തീരദേശ എക്സ്പ്രസ്സ് ഹൈവേ ( ഭാഗം 2)


തീരദേശ എക്സ്പ്രസ്സ് ഹൈവേയെ സംബന്ധിച്ച് ചില ചോദ്യങ്ങള്‍ പ്രസക്തമാണ്. 
അവയില്‍ ചിലതിന്‌  ഉത്തരങ്ങള്‍ തേടാം.

മത്സ്യത്തൊഴിലാളികളുടെ 
ഉപജീവനം മുട്ടിപ്പോകില്ലേ...? അവരെ എന്ത് ചെയ്യും...? 

    ചോദ്യങ്ങൾക്ക് രവിനാഥൻപിള്ള വ്യക്തമായ ഉത്തരം നല്‍കുന്നു. കടലില്‍ നിന്നുള്ള ആക്ര മണം പോലും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തില്‍ റഡാര്‍സംവിധാനമാണ് എക്സ്പ്രസ് ഹൈവേയില്‍ ഉപയോഗിക്കുന്നത്.ഏഴുമീറ്ററോളം ഉയരത്തില്‍ പാത പോകുന്നതിനാല്‍ അതിനടി യിലൂടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. വള്ളവും വലയും അടക്കമു ള്ളവ സംരക്ഷിക്കാന്‍ അവിടെ സ്ഥലമു ണ്ടാകും.

                               
                                   ഫോട്ടോ : സിംഗപ്പൂർ തീരദേശ പാത (കടപ്പാട് ഗൂഗിൾ)

 നിര്‍ദ്ദിഷ്ട പാതയില്‍ നിന്നും കേവലം നൂറു മീറ്റര്‍ അകലെയുള്ള പ്രദേശത്ത്‌ ഹൈടെക് ഗ്രാമങ്ങള്‍ തീര്‍ത്ത്‌ നല്ല ഫ്ലാറ്റുകള്‍ പണിത് മത്സ്യത്തൊഴി ലാളികളെ പുനരധിവസിപ്പിക്കാം എന്നാണ്‌ ഇക്കാര്യത്തില്‍ ഇദ്ദേഹത്തിന്റെ വിഭിന്ന വീക്ഷണം.ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന ഗ്രാമത്തില്‍ പോസ്റ്റ്‌ഓഫീസ് മുതല്‍ മാര്‍ക്കറ്റ് വരെ ഉണ്ടാകണം.വില്ലേജ് ഓഫീസും കളിസ്ഥലവും പാര്‍ക്കും സ്കൂളും എല്ലാം ഇവിടെ രൂപകല്‍പന ചെയ്യണം.ഒരു തുരുമ്പിനു പോലും ഗ്രാമത്തിന് പുറത്തേക്ക് ഇവര്‍ക്ക് പോകേണ്ടി വരില്ല.ഫ്ലാറ്റ് തീര്‍ക്കാനുള്ള സമ്പത്ത്, നിലവിലുള്ള ഹൈവേയില്‍ ബി.ഒ.ടി.പാത നിര്‍മ്മിക്കാന്‍ സ്ഥലമെടുക്കുന്നതിന് നീക്കി വച്ചിരിക്കുന്ന തുകയില്‍ നിന്നെടുക്കാം. സുനാമി പേടിയില്ലാതെ തന്നെ  ഉയര്‍ന്ന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെടുന്ന ഫ്ലാറ്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍വവിധ സംരക്ഷ ണവും നല്‍കും.

തീരദേശ എക്സ്പ്രസ് ഹൈവേക്കുള്ള പണം എവിടെ നിന്ന് കണ്ടെത്തും...?
കേരളത്തിനിത് താങ്ങാന്‍ പറ്റുമോ? 


ഫോട്ടോ : സിംഗപ്പൂർ തീരദേശ പാത (കടപ്പാട് ഗൂഗിൾ)

     ഇവ തീർച്ചയായും പ്രധാനപ്പെട്ട  ചോദ്യ ങ്ങളാണ്.പക്ഷേ ഇതിനുള്ള പിള്ളയുടെ ഉത്തരം നമ്മെ അമ്പരപ്പിക്കുക തന്നെ ചെയ്യും. ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു വഴി ഇതിനായി അദ്ദേഹം തുറന്നുതരുന്നു!വാരിക്കോരി പരസ്യം നൽകാൻ കോടികള്‍ മുടക്കുന്നവര്‍ക്ക് യാതൊരു പഞ്ഞവും
ഇല്ലാത്ത നാടാണ് നമ്മുടേതു്.585 കിലോമീറ്റര്‍ റോഡില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, വാണിജ്യസ്ഥാപനങ്ങള്‍ക്ക് വിദൂരത്തിരുന്നു നിയന്ത്രിക്കാന്‍ കഴിയുന്ന ഇരുപതിനായിരത്തില്‍ കുറയാത്ത പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുക. ഇതിലേക്ക് ബോര്‍ഡ് ഒന്നിന് അഞ്ച് ലക്ഷം രൂപയില്‍ കുറയാതെ പ്രതിവര്‍ഷ വാടക നിശ്ചയിക്കുക. ഈ തുക രണ്ടു വര്‍ഷം മുമ്പു തന്നെ ഘട്ടം ഘട്ടമായി കരാര്‍ പ്രകാരം ഈടാക്കുക. പണി തീരുന്ന മുറക്ക് ബോര്‍ഡ് ഫിറ്റ് ചെയ്തു പോകുക. കാല്‍ക്കുലേറ്ററില്‍ കൂട്ടാനാകാത്ത ഈ വമ്പന്‍ തുക പോരേ തീരദേശ എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കാനെന്നു അറിയാതെ നാം സമ്മതിച്ചു പോകുന്നു.പക്ഷേ ആരോട്  പറയാന്‍? 

അനന്തമായ കാലവിളംബം ഈ പദ്ധതിയെ ബാധിക്കില്ലേ? 


ഫോട്ടോ : രവിനാഥൻ പിള്ള (കൈരളിനെറ്റ് മാഗസിൻ)

ന്യായമായ മറ്റൊരു ചോദ്യമാണിത് . ഇതിന്റെ ഉത്തരം വളരെ  ലളിതമാണ്. പക്ഷേ നടപ്പിലാക്കാന്‍ ആര്‍ജ്ജവം വേണം.തീരദേശ എക്സ്പ്രസ് ഹൈവെ വെറും രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിവിധ അന്താരാഷ്ട്ര പദ്ധതികള്‍ ചൂണ്ടിക്കാട്ടി നമുക്ക് പറയാന്‍ കഴിയും. ഉദാഹരണ ത്തിന് സൗദി-ബഹ്‌റൈന്‍ പാലം. 25 കിലോമീറ്റർ നീളത്തിൽ കടലിലൂടെയുള്ള ഈ പാലം തീര്‍ക്കാന്‍ വെറും രണ്ടു വര്‍ഷമാണ്‌ എടുത്തത്.  അതേ മാനദണ്ഡത്തില്‍ നമുക്കിത് ചെയ്യാം. നിലവിലുള്ള മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചു തടസ്സപ്പെടുത്താവുന്ന ഒരു കാര്യവും ഈ നിര്‍മാണ പ്രക്രിയയില്‍ ഉണ്ടാകാത്ത രീതിയില്‍ നേരത്തെ തന്നെ പ്രത്യേക നിയമം പാസ്സാക്കണം. തീരദേശ പരിപാലന നിയമത്തില്‍ ഉള്‍പ്പെടെ കാതലായ മാറ്റം വരുത്തണം എന്നതാണ് ഇതിന്റെ അടിസ്ഥാന സവിശേഷത. ഈ പദ്ധതി നടപ്പാക്കാനുള്ള മാനേജ്മെന്റ്റ് വളരെ സുതാര്യവും ശക്തവും ആയിരിക്കണം.                                                                        
                                                                                                                              (തുടരും)

തീരദേശ എക്സ്പ്രസ്സ് ഹൈവേ ( ഭാഗം 1)


ഒരുപാട് കിനാവുകള്‍ കാണുന്ന ഒരു പ്രവാസി 


ആര് വിചാരിച്ചാലും നന്നാകില്ലെന്നു വാശിപിടിക്കുന്ന കേരളത്തിന്റെ  ഗതാഗത മേഖല... അവിടെ വിപ്ലവകരമായ ഒരു പരിഷ്കാരം നടപ്പിലാക്കാന്‍ പല വാതിലുകളിലും മുട്ടി വിളിക്കുന്ന മറുനാടന്‍ മലയാളിയാണ് കെ.രവിനാഥന്‍പിള്ള.

                    
                        ഫോട്ടോ:  കെ.രവിനാഥന്‍പിള്ള (കൈരളി നെറ്റ് മാഗസിൻ)

ഇദ്ദേഹം പറയുന്നത് എന്താണെന്ന് കാതോര്‍ക്കാന്‍ തല്ക്കാലം അധികാരികള്‍ക്കൊന്നും മനസ്സില്ല. കോടാനുകോടികളുടെ വമ്പന്‍ പദ്ധതികള്‍ എങ്ങനെ നടപ്പാക്കി വിജയിപ്പിക്കണം എന്നറിയാത്ത വികസന സംസ്കാരമാണ് ഇവിടെ നില നില്കുന്നതെന്ന്  ഈ പ്രവാസി പറയുമ്പോള്‍ നേരറി വിന്റെ സത്യം അതിലുണ്ട്.

        ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍  നിരത്തില്‍ ഇറങ്ങുമ്പോള്‍  റോഡുകള്‍ ഒരിഞ്ചു പോലും വളരുന്നില്ല. വീതി കൂടിയ ഹൈടെക് റോഡുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമിയും കേരളത്തില്‍ ഇല്ല. ജനങ്ങളുടെ ആവാസവ്യവസ്ഥയെ കുത്തിയിളക്കി അവരെ തെരുവാധാരമാ ക്കാന്‍ ഭരണകൂടം ബലപ്രയോഗം തന്നെ നടത്തുന്നു. ടോള്‍ബൂത്തുകള്‍ കെട്ടി പൊതുനിരത്തില്‍ തടസ്സം സൃഷ്ടിച്ചു വഴിയാത്രക്കാരെ ഔദ്യോഗികമായി പിടിച്ചു പറിക്കുന്നു.

                    
                            ഫോട്ടോ: കേരളത്തിലെ ടോൾ ബൂത്ത് (കടപ്പാട്)  ഗൂഗിൾ


സമരങ്ങളും കോലാഹലങ്ങളുമായി അന്തരീക്ഷം പ്രക്ഷുബ്ധമാകവേ കണ്‍മുന്നിലുള്ള കനകം കാണാതെ കാക്കപ്പൊന്നിന്റെ പിന്നാലെ പോകാന്‍ ഭരണകൂടം പെടാപ്പാട് പെടുന്നു.ഈ സാഹചര്യ ത്തിലാണ് രവിനാഥന്‍പിള്ള പറയുന്നതിലെ യുക്തിയും സാധ്യതകളും ചര്‍ച്ച ചെയ്യാന്‍  നാം തയ്യാറാ കേണ്ടത്. ഒരുപക്ഷേ നിര്‍ബന്ധിതരാകേണ്ടത്.
         
   ഒമ്പത് ജില്ലകള്‍ അതിരിടുന്ന കേരളത്തിന്റെ 585 കിലോമീറ്റര്‍ കടലോരം ഭാവനാശൂന്യമായി അവശേഷിപ്പിക്കുന്ന, സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കാത്ത കാഴ്ച മങ്ങിയ നയം നാം തിരുത്താന്‍ തയ്യാറാകണം എന്ന് രവിനാഥന്‍പിള്ള അടിവരയിട്ടു പറയുന്നു. ഭൂമിശാസ്ത്രപരമായി വലുപ്പം കൂടിയ രാജ്യങ്ങളും സംസ്ഥാനങ്ങളും താരതമ്യം ചെയ്ത് കേരളത്തില്‍ സ്ഥലമില്ല എന്ന മുട്ട് ന്യായം പറഞ്ഞ്‌ കയ്യൊഴിഞ്ഞ്  നാടിന്റെ വികസനത്തിന്റെ   കൂമ്പൊടിക്കരുതെന്ന് ഇദ്ദേഹം നമ്മെ ഓര്‍മപ്പെടുത്തുന്നു.

      കേരളത്തേക്കാള്‍ എത്രയോ ചെറിയ രാജ്യങ്ങള്‍ പോലും ഗതാഗതത്തിലും അടിസ്ഥാന   വികസന  വിഷയങ്ങളിലും വളരെ മുന്നിലാണെന്ന യാഥാര്‍ത്ഥ്യം ഇനിയും തിരിച്ചറിയാത്തത് പരമ്പരാഗത വികസനവാദികളുടെ തലതിരിഞ്ഞ കയ്യിട്ടുവാരലില്‍ നാം അമര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവാണത്രെ


ഫോട്ടോ: സിംഗപ്പൂർ വികസനം (കടപ്പാട്)  ഗൂഗിൾ

കേവലം 710 ചതുരശ്ര കിലോ മീറ്റര്‍  മാത്രം വിസ്തീര്‍ണം ഉള്ള സിംഗപ്പൂര്‍ വികസന ചക്രവാളത്തില്‍ സുവര്‍ണമുദ്രകള്‍ ചാര്‍ത്തിയപ്പോള്‍ കുണ്ടും കുഴിയുമായി തപ്പിത്തടയുന്ന   കേരളം 38,863 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തേക്ക് പരന്നു കിടക്കുന്നു എന്ന സത്യം ആരും തിരിച്ചറിയാത്തതില്‍ ഇദ്ദേഹം അത്ഭുതപ്പെടുന്നു.

         
ഫോട്ടോ: ബെനിനിലെ ജന ങ്ങൾ (കടപ്പാട്)  ഗൂഗിൾ

     ആഫ്രിക്കന്‍ രാജ്യമായ ബെനിന്‍ ഒരു കാലത്ത് വൈദ്യുതി മോഷണത്തിന് കുപ്രസിദ്ധം   ആയിരുന്നു. രവിനാഥന്‍പിള്ളയുടെ ഭാവനയില്‍ ഉരുത്തിരിഞ്ഞ റഡാര്‍ നിയന്ത്രിത മീറ്ററുകള്‍ സ്ഥാപിച്ച് അവിടെ വൈദ്യുതി  മോഷണം പഴങ്കഥ ആക്കിയെങ്കില്‍ കേരളത്തിലെ ഏക മീറ്റര്‍ കമ്പനിയെ അടച്ചു പൂട്ടാന്‍ ശ്രമിക്കുന്നവരെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് ഇദ്ദേഹത്തിന് അറിയില്ല.

        കേരളത്തില്‍ പണമില്ലെന്നും പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുന്നു എന്നും വിലപിക്കുമ്പോള്‍, റെക്കോർഡ് വേഗതയില്‍ വന്‍കിടപാലങ്ങളും വിവിധ പ്രോജക്ടുകളും പൂര്‍ത്തീകരിക്കാന്‍ സാക്ഷി യായ ഈ പ്രവാസി അത്ഭുതം കൂറുന്നു. വാണിജ്യപരസ്യങ്ങളുടെ സാധ്യത മാത്രം ചൂഷണം ചെയ്ത് കേവലം രണ്ടുവര്‍ഷക്കാലം കൊണ്ട്  കേരളത്തിനൊരു തീരദേശ എക്സ്പ്രസ് ഹൈവേ സംഭാവന ചെയ്യാന്‍ രവിനാഥന്‍പിള്ള തയ്യാറാണ്.

                               
                             
                                  ഫോട്ടോ : സിംഗപ്പൂരിലെ ഒരു തീരദേശപാത  (കടപ്പാട്)  ഗൂഗിൾ

പക്ഷേ അതെങ്ങനെ എന്ന് നെറ്റി ചുളിക്കും മുമ്പ് ഇദ്ദേഹം പറയുന്നത്   കേള്‍ക്കാന്‍ നാം ചെവി കൊടുക്കുക എന്ന ഉപാധി മാത്രമേ പിള്ള ആവശ്യപ്പെടുന്നുള്ളൂ. പതിനായിരക്കണക്കിനു വരുന്ന മത്സ്യത്തൊഴിലാളികളെ ഏറ്റവും മെച്ചപ്പെട്ട ജിവിത സാഹചര്യങ്ങളിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന ഒന്നാണ് രവിനാഥന്‍പിള്ളയുടെ തീരദേശ എക്സ്പ്രസ് ഹൈവേ.                                  
                                                                                                                            (തുടരും)
ഫോട്ടോ : (കടപ്പാട്)  ഗൂഗിൾ


ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അറിയാത്ത ഒരാൾ പോലും ഉണ്ടാകരുത്...


എഡിറ്റോറിയല്‍

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അറിയാത്ത ഒരാൾ  പോലും ഉണ്ടാകരുത്...

       സ്വതന്ത്ര ഭാരതത്തിന്റെ ഓരോ വയസ്സും നമ്മുടെ അഭിമാന ബോധത്തിന്റെ വര്‍ദ്ധിത വീര്യമാണ്. പല നിറങ്ങളിലുള്ള നൂലുകള്‍ ഊടും പാവുമായ ജീവിതക്രമം പുലരുന്ന ലോകത്തിലെ അപൂര്‍വം നാടുകളില്‍ ഒന്ന്. അതിന്റെ ചരിത്രവീഥികളിൽ വിട്ടുവീഴ്ചയുടെ പാഠഭേദങ്ങളുണ്ട്. ഒരേ സമയം മാറിമറിയുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും സാംസ്കാരിക വൈജാത്യങ്ങളും നമ്മെ ലോകസമക്ഷത്തില്‍ ശ്രദ്ധേയരാക്കുന്നു. 

                   
              
മഹാമനീഷികള്‍ പിറന്നു വീണ് ലോകത്തിന് പുതിയ വഴിത്താര സൃഷ്ടിച്ചിട്ടുള്ള ഇന്ത്യയുടെ ഇന്നലെകള്‍ പോരാട്ടങ്ങളുടേതായിരുന്നു.വൈദേശികനുകം പറിച്ചെറിയാന്‍ നാം അനുഭവിച്ച ത്യാഗങ്ങള്‍ ഇന്നിന്റെ അസുഖകരമായ അന്തരീക്ഷത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത് ആശാവഹമല്ല. സ്വന്തം പ്രാണനുകള്‍ രാജ്യത്തിന്‌ വേണ്ടി എറിഞ്ഞു കൊടുത്തിട്ടാണ് സ്വാതന്ത്ര്യമാകുന്ന നീല വിഹായസ് നമുക്കായി മുന്‍ഗാമികള്‍ നേടിയെടുത്തത്.
            എല്ലാവര്‍ക്കും തുല്യതയും പ്രവര്‍ത്തന സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന ഭാരതത്തിന്റെ ഭരണഘടനയുടെ അന്ത:സത്ത ഏതെങ്കിലും കാലങ്ങളില്‍ മറന്നുപോകുന്ന ഭരണാധികാരികള്‍ ആണ് പലപ്പോഴും അശാന്തസമൂഹങ്ങള്‍ക്ക് അടിത്തറ പാകുന്നത്.അവസരസമത്വം തളികയിലെടുത്ത് പണം,കുലം,പ്രാമാണ്യം തുടങ്ങിയ അതിര്‍വരമ്പുകൾക്ക് സമര്‍പ്പിക്കുമ്പോള്‍ രാജ്യം അതുവരെ കൈവരിച്ച  പുരോഗതി അട്ടിമറിക്കപ്പെടുന്നു.



സ്വാതന്ത്ര്യ സമരത്തിന്റെ ദീപ്തമായ സ്മരണകള്‍ പുതുതലമുറ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. രാഷ്ട്രപിതാവ് ഉൾപ്പെടെയുള്ളവർ ക്രൂരവും അടിസ്ഥാന രഹിതവുമായ ചോദ്യം ചെയ്യലുകള്‍ക്ക്   വിധേയമാകുന്നു. അദ്ദേഹത്തെ നിഷ്റൂരമായി വധിച്ച ഗോഡ്സെ പോലും ചിന്തിക്കാത്ത തരത്തില്‍ ഗാന്ധിനിന്ദ പലയിടത്തു നിന്നും ഉയരുന്നുണ്ട്. ആയുധമെടുക്കാതുള്ള ഒരു പതിയ സമരമുറ ലോകത്തിന് പ്രദാനം ചെയ്ത ആ പുണ്യവാന്റെ  കാലടിപ്പാടുകളിലെ   ചൊരിമണലാകാന്‍ നമുക്കാര്‍ക്കും സമയമില്ല! അതിര്‍ത്തിയില്‍ നിന്നുയരുന്ന അനാവശ്യ വെടിയൊച്ചകള്‍ നമ്മുടെ ധീരജവാന്മാരുടെ ജീവനും വിലയേറിയ സമയവും കവരുന്നു. 
        ഈ ദശാസന്ധിയില്‍ കൂടുതല്‍ ഫലവത്തായ നിലയില്‍  മുന്‍ഗാമികളുടെ ധീരചരിത്രം പുതു തലമുറ പഠിക്കണം. ഇന്ത്യയുടെ  സ്വാതന്ത്ര്യ  സമരത്തെയും ദേശീയ നേതാക്കളെയും അറിയാത്ത ഒരാള്‍ പോലും ഉണ്ടാകരുത് എന്ന നിലയില്‍ സര്‍ക്കാര്‍ വിവിധ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാകുക... 
                         
                                             സ്വാതന്ത്ര്യദിനം-ഓണം‌-പെരുന്നാള്‍ ആശംസകളോടെ....
                                                                                 

നോട്ടുകെട്ടുകള്‍ വിശപ്പ്‌ മാറ്റില്ല (എഡിറ്റോറിയൽ, ലക്കം-9 )


നോട്ടുകെട്ടുകള്‍ വിശപ്പ്‌ മാറ്റില്ല... 


      അതിദ്രുതം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തില്‍ കൃഷിഭൂമി തുടച്ചു മാറ്റപ്പെടുകയാണ്. നെല്ലോല കള്‍ തലയാട്ടി, പൊന്‍കതിരുകള്‍ മാടിവിളിച്ചിരുന്ന പാടങ്ങളൊക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. നഗര പ്രദേശങ്ങളില്‍ കൃഷി യോഗ്യമായ ഒരു തുണ്ട് ഭൂമി ഇനിയൊരിക്കലും ഉണ്ടാകില്ല.കൃഷി കേട്ടറിവ് മാത്രമാകുമോ? 
       

       വിഷം കലര്‍ന്ന പച്ചക്കറിയും പാലും, ഹോര്‍മോണ്‍  കുത്തിവച്ച കോഴിയും രോഗബാധിതമായ അറവുമാടുകളുമൊക്കെ മലയാളിയുടെ നിത്യജിവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളായി എന്നേ മാറിയിരിക്കുന്നു.

   നാക്കിലയില്‍ തൊടുകറി വിളമ്പി,തുമ്പപ്പൂ ചോറ് കൂട്ടി സദ്യ ഉണ്ടിരുന്ന മുന്‍തലമുറയിലെ ശീലങ്ങള്‍ പുത്തന്‍കൂട്ടുകാര്‍ക്ക് വിശ്വസിക്കാനാകാത്ത യക്ഷിക്കഥ പോലെ തോന്നുന്നെങ്കില്‍ നാം എത്ര ത്തോളം പ്രകൃതിയില്‍ നിന്നും അകന്നിരിക്കുന്നു എന്ന് വിലയിരുത്തുക.
      
   പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ കാര്‍ഷിക വികസനത്തിനായി ഗവണ്‍മെന്റ് ചെലവഴിക്കുമ്പോള്‍ അത് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എന്ന് ആരും പരിശോധി ക്കുന്നില്ല. കൃഷിഭവന്‍ വഴി വിതരണം ചെയ്യുന്ന നടീല്‍ വസ്തുക്കള്‍, വളം തുടങ്ങിയവ മിക്കപ്പോഴും കൃഷിയുമായി ബന്ധമില്ലാത്ത കടലാസ് സംഘടനകളും വ്യക്തികളും പങ്കിട്ടെടുക്കുന്നു.ഫീൽഡ് വര്‍ക്ക് ചെയ്യുന്ന എത്ര കൃഷി ഉദ്യോഗസ്ഥർ ഉണ്ടെന്ന്‌ പരിശോധിക്കാന്‍ സര്‍ക്കാര്‍  തയ്യാറാകുക. ആത്മാര്‍ഥമായി തങ്ങളുടെ കടമ നിര്‍വഹിക്കുന്നവരും കാര്‍ഷിക പുരോഗതിക്കു വേണ്ടി യത്നിക്കു കയും ചെയ്യുന്ന ഒരു വിഭാഗം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിഭവനുകളും നിലവിലുണ്ടെന്നത് വസ്തുതയുമാണ്. അവരെ മറന്നു കൊണ്ടല്ല ഇക്കാര്യങ്ങള്‍ പറയുന്നത്. തീര്‍ച്ചയായും അത്തരം ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പാരിതോഷികങ്ങള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ ക്രിയാത്മകമായി അവരെ ക്കൊണ്ട് പ്രവര്‍ത്തിപ്പിക്കണം. 
    
    ഏതെങ്കിലും കോണില്‍ ഒരു തുണ്ട് വയല്‍ അവശേഷിക്കുന്നെങ്കില്‍ അത് ബിനാമി പേരില്‍ വാങ്ങി മണ്ണിട്ട്‌ നികത്തി ഹോട്ടലുകളും കോളജുകളും  സ്ഥാപിച്ച് ആധുനിക സമൂഹം പ്രകൃതിയെയും വരാനിരിക്കുന്ന തലമുറയെയും ഹനിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.നെല്‍വയലുകള്‍ നികത്തരുതെന്ന ചട്ടം നിലനില്‍ക്കവേ തന്നെ ഭരണകൂടങ്ങള്‍ മാറിവരുമ്പോള്‍ സ്വാധീനം ഉപയോഗിച്ച് യാതൊരു കൂസലുമില്ലാതെ ചിലര്‍   ടിപ്പര്‍ വാഹനങ്ങളുടെ കൂട്ടപ്പാച്ചില്‍ സൃഷ്ടിക്കുന്നു. 
      
   കാര്‍ഷികമേഖലയില്‍ താല്‍പര്യവും ഭാവിയെക്കുറിച്ച് ബോധ്യവുമുള്ള  ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഗവണ്‍മെന്റുകള്‍ ദിശാബോധത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണം. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങല്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി കൃഷിയോഗ്യമാക്കി   നല്‍കി അതിന്റെ ഗുണഫലം കൊയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ എന്തിനാണ് മടിച്ചു നില്‍ക്കുന്നത്.
      അവസാനത്തെ പുഴയും വറ്റിച്ച്,ഒടുവിലത്തെ വയലും കോണ്‍ക്രീറ്റ് കൂടാരങ്ങളാല്‍     അലങ്കരിച്ച്‌ അനന്തര തലമുറകള്‍ക്ക് വേണ്ടി സമ്പാദിക്കുമ്പോള്‍ അവര്‍ ഭാവിയില്‍ എന്തായിരിക്കും കഴിക്കുക എന്ന് ആരും ചിന്തിക്കുന്നില്ല. 
    
    ഒരു തുണ്ട് ഭൂമിയില്‍ ഒരു കൊച്ചു തൈ നട്ട് അല്ലെങ്കില്‍ ഒരു വിത്തിട്ട്‌ വളര്‍ത്തിയെടുത്ത് ഈ പ്രപഞ്ചത്തിലെ ഏറ്റവും നന്മ കലര്‍ന്ന ഭക്ഷണം കഴിക്കാന്‍ ഓരോ മനുഷ്യനെയും പര്യാപ്തമാക്കുന്ന  സംസ്കാരത്തിലേക്ക് നാം വേഗം തിരിയുക.എന്‍ഡോസള്‍ഫാന്റെ ചീഞ്ഞ മണം തങ്ങി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ നവസുഗന്ധം വിതറുന്ന,  ഒപ്പം  വിശപ്പ്‌ മാറ്റുന്ന നാമ്പുകള്‍ തല ഉയര്‍ത്തട്ടെ.
           
        പാഠപുസ്തകങ്ങളിലും പ്രോജക്റ്റ് വര്‍ക്കുകളിലും കൃഷിയെ സ്നേഹിക്കാന്‍ ഉതകുന്ന നിര്‍ബന്ധിത മണിക്കൂറുകള്‍ നീക്കി വയ്ക്കാന്‍ തയ്യാറാകുക.എന്റെ കുട്ടിയെ ഭാവിയിലൊരു കര്‍ഷകനാക്കും എന്നു പറയാനുള്ള ആര്‍ജ്ജവത്തിലേക്ക്   രക്ഷാകര്‍ത്താക്കളെ നയിക്കുക.

  നോട്ടുകെട്ടുകള്‍ അടുക്കിവച്ച്  കാര്‍ഷിക പാരമ്പര്യത്തെ തള്ളിപ്പറയുന്നവര്‍ ഓര്‍ക്കുക; 
ഈ നോട്ടുകെട്ടുകള്‍ വിശപ്പ്‌ മാറ്റില്ല...  

എന്റെ ഓണം പാവങ്ങളോടൊപ്പം... കൊല്ലം തുളസി



     ഇപ്പോള്‍ ഓണം സര്‍ക്കാര്‍  ഓണമായി  മാറിയിരിക്കുന്നു.എന്റെ ചെറുപ്പത്തിലെ ഓണം എന്ന് പറഞ്ഞാല്‍ അതൊരു ഓണം തന്നെ ആയിരുന്നു.അപ്പൂപ്പന്റെ മക്കളും മരുമക്കളും ചെറുമക്കളും ഒക്കെ തറവാട്ടില്‍ കൂടുമായിരുന്നു. അത് തന്നെ ഒരോണം ആയിരുന്നു.ഒത്തൊരുമയും എല്ലാവരും കൂടി സന്തോഷം പങ്കിടുന്നതും ആണല്ലോ ഓണത്തിന്റെ പ്രധാന ലക്ഷ്യം. ഇപ്പോള്‍ ഇത് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. 

      
   ജീവിതത്തില്‍ ഉണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ തീര്‍ക്കാനുള്ള ഒരവസരമാണ് ചില ആളുകളുടെ   ഓണം.മറ്റൊരു കൂട്ടരാകട്ടെ വരുന്ന ഒരുവര്‍ഷക്കാലത്തേക്കുള്ള സമ്പാദ്യം ഓണത്തിലൂടെ കണ്ടെ ത്തുന്നു.മൂന്നാമതൊരു വിഭാഗമുണ്ട്...അവര്‍ ജീവിതത്തില്‍ എല്ലാദിവസവും ഓണം ആഘോഷിക്കു ന്നവരാണ്. ആയിരവും പതിനായിരവും ലക്ഷങ്ങളും ഇവര്‍ ദിവസവും അടിച്ചു പൊട്ടിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഓണം അല്ലെങ്കില്‍ റംസാന്‍   ആഘോഷിക്കുന്ന അതിനെ അതീവ ഗൌരവത്തോടെ കാണുന്ന ഒരു വലിയ വിഭാഗം വേറെയുണ്ട്.പക്ഷേ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഓണവും പെരുന്നാളും ഒന്നും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യാന്‍ കഴിയാത്ത, അതിന്റെ മാനസികോല്ലാസം പങ്കിടാന്‍ കഴിവില്ലാത്ത പാവങ്ങളുടെ ഒരുകൂട്ടം മേല്‍പറഞ്ഞവരില്‍ നിന്നെല്ലാം വ്യത്യസ്തമായി  ഈ സമൂഹത്തില്‍ ഉണ്ട്.അവരെ സഹായിക്കുന്നതിലും അവര്‍ക്ക് വേണ്ടി എന്തെങ്കിലും  ചെയ്യാന്‍ കഴിയുന്നിടത്തുമാണ് ഞാന്‍ സന്തോഷം കണ്ടെത്തുന്നത്. അതാണ് എന്റെ യഥാര്‍ത്ഥ ഓണം . 

കൊല്ലം തുളസിയും കൈരളി നെറ്റ് മാഗസിൻ പ്രതിനിധികളും


  കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി എന്റെ വീട്ടില്‍ ഓണം ആഘോഷിക്കാറില്ല.തിരുവോണം   ഉള്‍പ്പെടെ  നാല് ഓണ ദിവസവും ഏതെങ്കിലും അഗതി മന്ദിരത്തില്‍ പാവങ്ങളോടോപ്പം ഞാന്‍ ചിലവഴിക്കും.അവരോടൊപ്പം ഇരുന്നാണ് ആ ദിനങ്ങളില്‍ ആഹാരം കഴിക്കുന്നത്. തിരുവനന്ത പുരത്തെ മഹിളാമന്ദിരം, വൃദ്ധസദനം, വികലാംഗ സദനം തുടങ്ങിയ സ്ഥാപനങ്ങളില്‍ ആ ദിവസ ങ്ങളില്‍ ഞാന്‍ ആഹാരം വാങ്ങി കൊടുക്കും. നേരത്തെ തന്നെ അത് ബുക്ക് ചെയ്യും.ഇത് സ്ഥിരമായി ചെയ്തു വരുന്നു. എനിക്ക് കഴിഞ്ഞില്ലെങ്കില്‍ എന്നില്‍ താല്പര്യമുള്ളവരെ കൊണ്ട്   ഭക്ഷണം വാങ്ങി കൊടുക്കും. കൊല്ലത്തെ ഗാന്ധിഭവനിലും ഓണം കൂടാറുണ്ട്. 
  
   അന്യന്റെ വിശപ്പ്‌ മാറ്റാന്‍ ഒരു നേരത്തെ ആഹാരമെങ്കിലും കൊടുക്കുക എന്ന മഹത്തായ തത്ത്വത്തെ പിന്തുടരുന്നതാണ് ഓണമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. കീറിമുറിയാത്ത നമ്മുടെ പഴയ വസ്ത്രങ്ങള്‍ അലക്കി മിനുക്കി ഏതെങ്കിലും പാവത്തിന് നല്‍കിയാല്‍ അതേറ്റു വാങ്ങുന്നയാളിന് ഓണം ആയിരിക്കും;നമ്മുടെ മനസ്സിനും ഓണമാകും.എച്ചില്‍ അല്ലാത്ത ആഹാരം ഒരുനേരം ഒരു ദരിദ്രന് നല്‍കിയാല്‍ അത് വാങ്ങി കഴിക്കുന്നയാളിന് അന്ന് ഒണമായിരിക്കും.അതിലാണ് ഞാന്‍ മഹത്ത്വം കാണുന്നത്. ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്തിന്‌ ഏറ്റവും ഗുണകര മാകും.  

പുനലൂർ സോമരാജനുമായുള്ള അഭിമുഖം (അവസാന ഭാഗം)


കേരളത്തിലെ യാചകര്‍ക്ക് വേണ്ടി  നടപ്പാക്കാന്‍ എന്തെങ്കിലും ആശയം മനസ്സിലുണ്ടോ?

മുഴുവന്‍ യാചകരെയും പുനരധിവസിപ്പിക്കാന്‍ ഒരു രൂപയും മനസ്സിലൊരിടവും എന്ന ആശയം ഞാന്‍ സൂക്ഷിക്കുന്നുണ്ട്. നാം നിസ്സാരമായി കരുതുന്ന ഒരു രൂപ, ഒപ്പം യാചകരെ നല്ല ജീവിതത്തിലേക്ക് നടത്തുക എന്ന സദുദ്ദേശ്യം  ഇതൊക്കെ മനസ്സില്‍ കരുതി അതിന്റെ പ്രായോഗികവല്കരണം നടത്തിയാല്‍ ഈ പദ്ധതി വഴി കേരളത്തിലെ മുഴുവന്‍ യാചകരും പുതുജീവിതത്തിലേക്ക് കടക്കും എന്നാണെന്റെ വിശ്വാസം.

ഗാന്ധിഭവന്റെ ഭരണ രീതികളും പ്രവര്‍ത്തന ചിട്ടവട്ടങ്ങളും എന്തൊക്കെയാണ്?





പ്രശസ്ത താരം വിജയകുമാരിയും അമൽ രാജും
എഴംഗങ്ങള്‍ അടങ്ങിയ ട്രസ്റ്റ് ബോര്‍ഡ് ആണ് ഭരണം നിര്‍വഹിക്കുന്നത്. അവര്‍ എല്ലാവരും ഇവിടെ സേവനം ചെയ്യുന്ന സാധാരണക്കാരാണ്. ഞാന്‍ അതിന്റെ മാനേജിംഗ് ട്രസ്റ്റി എന്നനിലയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഈ പ്രസ്ഥാനത്തിന്റെ മുഴുവന്‍ ഭാരവാഹികളും ഒരേ മനസ്സോടെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ് ഗാന്ധിഭവന്റെ പ്രത്യേകത. കുട്ടികള്‍,വൃദ്ധര്‍, വികലാംഗര്‍ തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളെയും പാര്‍പ്പിക്കാനുള്ള അംഗീകാരം ഗാന്ധിഭവന് കിട്ടിയിട്ടുണ്ട്.


   ഇന്‍കംടാക്സ്,കെല്‍സ,സര്‍വീസ് പ്രൊവൈഡിംഗ്, ജുവനൈല്‍ അക്രഡിറ്റേഷന്‍,മാനസിക രോഗികളെ പാര്‍പ്പിക്കാനുള്ള കേന്ദ്രതലത്തിലുള്ള അംഗീകാരം എന്നിവ ഉണ്ട്.(കേരളത്തില്‍ ഇത് ആര്‍ക്കും നല്‍കിയിട്ടില്ല.നേരത്തെ അപേക്ഷിച്ചവരെ  ഇപ്പോള്‍ പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനുള്ള അപേക്ഷ മുമ്പേതന്നെ നല്‍കിയിട്ടുണ്ട്). ദൈനംദിന ഇടപെടലുകളില്‍ അതീവ ജാഗ്രതയാണ് പാലിക്കുന്നത്. ഉദാഹരണത്തിന് രണ്ടേക്കര്‍ സ്ഥലത്ത് ഗാന്ധിഭവനില്‍ എഴുന്നൂറോളം അന്തേവാസികള്‍ സുഖമായി കഴിയുമ്പോള്‍ തിരുവനന്തപുരം മാനസിക രോഗാശുപത്രിക്ക് 36 ഏക്കര്‍ ഭൂമിയും മറ്റു  സൌകര്യങ്ങളും ഉണ്ടായിട്ടും അവിടെ 350 ല്‍  താഴെ ആളുകള്‍ മാത്രമേ ഉള്ളൂ. അതും ഇവിടത്തെ പോലെ വൃത്തിയുള്ള ഒരു അന്തരീക്ഷത്തിലല്ല എന്നോര്‍ക്കുക.



                                 


                                  തിരുവിതാംകൂർ  രാജകുടുംബാംഗം ഗൗരി ലക്ഷ്മീഭായി,അമൽ രാജ്


കിടന്നകിടപ്പില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന ഒട്ടനവധി പേര്‍ ഗാന്ധിഭവന്‍ കുടുംബാംഗങ്ങളില്‍ പെടുന്നു.പക്ഷേ അത് നീക്കം ചെയ്യാനും കഴുകി വൃത്തിയാക്കാനും ഇവിടെ സേവനം ചെയ്യുന്നവര്‍ക്ക് യാതൊരു മടിയുമില്ല. പോലീസോ കോടതിയോ പൊതു പ്രവര്‍ത്തകരോ കൊണ്ടു വരുന്നവരാണ് ഇവിടെ ഉള്ളത്.മിക്കവാറും ആരാണെന്ന് പോലും നമുക്കറിയില്ല. അങ്ങനെയുള്ളവരെ കൃത്യമായി  പരിപാലിക്കുകയും അവര്‍ക്ക് വൃത്തിയുള്ള അന്തരീക്ഷം ഒരുക്കാനും കര്‍ശനമായ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

ഗ്രാമം, പഞ്ചായത്ത് തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളതായി  കേട്ടിട്ടുണ്ട്. അവ ഒന്ന് വിശദീകരിക്കാമോ?
  
 വളരെയേറെ ആളുകള്‍ ഒന്നിച്ചു താമസിക്കുന്നിടത്ത്‌ എന്തുകൊണ്ട് ഭരണാധികാരികളെ അവരില്‍ നിന്നു തന്നെ തിരഞ്ഞെടുത്തുകൂടാ എന്നൊരു ചിന്ത തോന്നുന്നത് ആറു കൊല്ലങ്ങള്‍ക്കു മുമ്പാണ്. ആദ്യം ചിലരെ ചുമതലകള്‍ എല്പിച്ചെങ്കിലും ആര്‍ക്കും ഏറ്റെടുക്കാന്‍ മനസ്സുണ്ടായിരുന്നില്ല. നിര്‍ബന്ധിച്ചൊക്കെ  കുറെ പേരെ  ആക്കുകയും പിന്നീട് സ്നേഹഗ്രാമം എന്ന പഞ്ചായത്തായി ഗാന്ധിഭവനെ പ്രഖ്യാപിക്കുകയും ചെയ്തു.  


                                 

സ്നേഹരാജ്യം ഫോട്ടോഗ്രാഫർ അലി, തിരുവിതാംകൂർ  രാജകുടുംബാംഗം ഗൗരി ലക്ഷ്മീഭായി,
 അമൽ രാജ് , സ്നേഹരാജ്യം സബ് എഡിറ്ററും കവയിത്രിയുമായ  ബ്രിന്ദ എന്നിവർ.

അന്തേവാസികള്‍ കൂട്ടത്തോടെ തങ്ങുന്ന ഓരോ ബ്ലോക്കും വെവ്വേറെ വാര്‍ഡുകളായി പരിഗണിക്കുകയും അതില്‍ നിന്നുള്ളവരെ സ്നേഹഗ്രാമം പഞ്ചായത്തിന്റെ മെമ്പര്‍മാരായി ഇലക്ഷനിലൂടെ തിരഞ്ഞെടുക്കുകയും ചെയ്യും.എല്ലാവര്‍ഷവും ഒക്ടോബർ-നവംബർ‌ മാസങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇലക്ഷന്‍ കമ്മീഷൻ, കമ്മീഷണർ,മുന്നണി,ബാലറ്റ്പെട്ടി,പ്രിസൈഡിംഗ് ഓഫീസര്‍,ചിഹ്നം,നോമിനേഷന്‍ സമര്‍പ്പണം, പത്രിക പിന്‍വലിക്കൽ, പ്രചരണം, കയ്യില്‍ മഷി പുരട്ടല്‍,പോളിംഗ് ബൂത്ത്, വോട്ടെണ്ണല്‍, ലീഡ് നില, വിജയികളെ പ്രഖ്യാപിക്കല്‍ തുടങ്ങി ഒരു സാധാരണ ഇലക്ഷനില്‍ ഉള്‍പ്പെടുന്ന സകല സങ്കേതങ്ങളും ഗാന്ധിഭവനിലെ ഇലക്ഷനില്‍ ഉണ്ടായിരിക്കും.രാഷ്ട്രീയം മാത്രം അതില്‍ ഉള്‍പ്പെടില്ല.പതിനഞ്ചു ദിവസം നീണ്ടു നില്ക്കുന്ന  ഒരു വലിയ പദ്ധതി തന്നെയാണ് സ്നേഹരാജ്യം പഞ്ചായത്തിലെ   തിരഞ്ഞെടുപ്പ് പ്രക്രിയ. തെന്മല ഗ്രാമപഞ്ചായത്തിന്റെ മുന്‍മെമ്പര്‍ ആയിരുന്ന സഹദേവന്‍ ഗാന്ധിഭവന്‍ കുടുംബത്തിലെ അംഗമാണ്.അദ്ദേഹമാണ് സ്നേഹരാജ്യം പഞ്ചായത്തിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട്‌.

ഭരണസമിതി അംഗങ്ങളുടെ പ്രവര്‍ത്തന   രീതി എങ്ങനെയാണു?
എഴംഗങ്ങളാണ് സ്നേഹരാജ്യം പഞ്ചായത്ത് ഭരിക്കുന്നത്. മുന്‍‌ എം.എൽ.എ.ദിവാകരനാണ് രക്ഷാധികാരി. എല്ലാ ദിവസവും രാവിലെ സമിതി യോഗം ചേര്‍ന്ന് ദൈനംദിന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ അവിടെ രമ്യമായി പരിഹരിക്കും. ആഴ്ച്ചയിലൊരിക്കല്‍ പൊതുയോഗം കൂടും. എല്ലാ ദിവസവും ഇലയിട്ടുള്ള സദ്യയാണ് ഇപ്പോഴിവിടെ കൊടുത്തു വരുന്നത്. ഭക്ഷണത്തിലും മറ്റുമുള്ള അധിക ആവശ്യങ്ങളും ആവലാതികളും പൊതുയോഗത്തിലും ചര്‍ച്ച ചെയ്യും. മരുന്നുകള്‍ വിതരണം ചെയ്യാന്‍ താമസിച്ചാല്‍,വെള്ളം ഇല്ലാതെ വന്നാല്‍, വൃത്തികേടായ അവസ്ഥ എവിടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അവയൊക്കെ പഞ്ചായത്ത് ചര്‍ച്ച ചെയ്തു പരിഹരിക്കും. ഓരോ  മുറിയില്‍ താമസിക്കുന്നവരില്‍  നിന്നും വിവിധ ആവശ്യങ്ങള്‍ക്കുള്ള കണ്‍വീനര്‍മാരെ എടുത്തിട്ടുണ്ട്. പഞ്ചായത്ത്  ഇലക്ഷനിലെ  വോട്ടവകാശം  പതിനാലു വയസ്സാണ്.

താങ്കളുടെ സകല്പത്തിലുണ്ടായിരുന്ന വളര്‍ച്ച ഗാന്ധിഭവന് ഉണ്ടായിട്ടുണ്ടോ? 

 പെട്ടെന്നുള്ള വളര്‍ച്ച ഉണ്ടായിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ വിഭാവന ചെയ്തതു പോലുള്ള സൌകര്യങ്ങള്‍ ആയിട്ടില്ല.ഷെഡ്ഡുകളും മറ്റും ഇനിയും നിര്‍മ്മിക്കാനുണ്ട്. സ്ഥലപരിമിതി ഒരു വലിയ വിഷയമാണ്.ഏഷ്യാനെറ്റ് ന്യൂസിനു ശേഷം അഞ്ചല്‍ സ്വദേശിയായ വാസവന്‍ സ്വാമി അദ്ദേഹ ത്തിന്‍റെ മരണശേഷം എന്ന കരാറിൽ രണ്ടര ഏക്കര്‍ സ്ഥലം ഗാന്ധിഭവന് ദാനം നല്‍കിയിട്ടുണ്ട്. മറ്റൊരു സ്ഥാപനത്തിന് നല്കാനിരുന്ന ഭൂമിയാണത്. പക്ഷേ ടി.വി.വാര്‍ത്ത അദ്ദേഹത്തിന്റെ ചിന്ത കളിൽ മാറ്റമുണ്ടാക്കുകയാണുണ്ടായത്. ആ ഭൂമിയുടെ ആധാരം തയ്യാറാക്കി രജിസ്റ്റർ ചെയ്ത് വിഷു ക്കൈനീട്ടമായി സ്വാമി ഗാന്ധിഭവന് സമര്‍പ്പിക്കുകയും ഇത്തരം ക്രൂരതകള്‍ നടത്തുന്ന മാധ്യമ ങ്ങള്‍ക്കുള്ള പ്രതിഷേധമായി അതിനെ വിശേഷ്പ്പിക്കുകയും ചെയ്തു. അഞ്ചല്‍ ടൗണുമായി അടുത്തു കിടക്കുന്ന ആ വസ്തുവിന് നല്ല വില ഉള്ളതാണെന്ന് കൂടി നാം ഓര്‍ക്കുക


വരുമാന വര്‍ദ്ധനവിനുള്ള തൊഴില്‍ സംരംഭങ്ങള്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ?
      മൂന്നേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. ടൈലറിംഗ് യൂണിറ്റ്, ചന്ദനത്തിരി നിര്‍മ്മാണം തുടങ്ങിയവ നടക്കുന്നുണ്ട്. കൂടുതല്‍ പുരോഗമനാത്മകമായ പദ്ധതികള്‍ ആലോചിക്കു ന്നുണ്ട്.

 സമൂഹത്തോട് എന്താണ് പറയാനുള്ളത്? 
മനസ്സില്‍‌ കാരുണ്യമുണ്ടായിരിക്കണം സമൂഹത്തെ നേര്‍വഴിക്കു നയിക്കാനുള്ള ബാധ്യത രക്ഷിതാക്കള്‍ക്കാണുള്ളത്.അവര്‍ സ്വാർഥരായി മാറിയാല്‍ അടുത്ത തലമുറ അതിലേറെ കാരുണ്യമില്ലാത്തവരായി മാറും.


                                      

                            വെള്ളാപ്പള്ളി നടേശൻ ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ



 വൃദ്ധസദനങ്ങളും മറ്റും ഉണ്ടാകുന്നത് ഈ മനോഭാവത്തില്‍ നിന്നാണ്. കൊച്ചു മക്കളെ ഞങ്ങള്‍ക്കൊന്നു തൊടാന്‍ പോലും പറ്റുന്നില്ല എന്ന് വിലപിക്കുന്ന ഒരുപാട് മുതിര്‍ന്നവര്‍ നമുക്ക് ചുറ്റുമുണ്ട്.കുട്ടികള്‍ എപ്പോഴും പഠിച്ചു കൊണ്ടിരിക്കണം എന്ന ചിട്ട മാറ്റി അവരുടെ അഭിരുചികള്‍ക്കനുസരിച്ച് വളരാന്‍ അനുവദിക്കണം. ഒരു മാതാപിതാക്കളും തങ്ങളുടെ മക്കള്‍  സാമൂഹ്യ പ്രവര്‍ത്തകരോ കൃഷിക്കാരോ ആകാന്‍ ആഗ്രഹിക്കുന്നില്ല. ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ പണം വാരുന്ന തൊഴിലുകളോടാണ്  അവര്‍ക്ക് താല്പര്യം. ഈ സ്ഥിതി മാറി ഏല്ലാവര്‍ക്കും നന്മ ചൊരിയുന്ന മനസ്സുകളുടെ ഉടമകളാക്കി മക്കളെ മാറ്റി എടുക്കുക എന്നതാണ് നവസമൂഹം ചെയ്യേണ്ട പ്രധാന കടമ.                                                               (അവസാനിച്ചു)







അഭിമുഖം:പുനലൂര്‍ സോമരാജന്‍ (ഭാഗം 3)



ഇത്രയേറെ മാതൃകാപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാന്ധിഭവനെക്കുറിച്ച് അടുത്ത കാല ത്തുണ്ടായ ഒരു ചാനല്‍ വാര്‍ത്ത അത്ര നല്ലതല്ല. എന്താണ്  പറയാനുള്ളത്?
  
ഏഷ്യാനെറ്റില്‍ ഈ വാര്‍ത്ത വരുമ്പോഴാണ് ഞങ്ങളും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചു ആദ്യമായി കേള്‍ക്കുന്നത്.ആദ്യം വലിയ വിഷമം തോന്നിയെങ്കിലും പലരും വിളിച്ചു ആശ്വസിപ്പിച്ച പ്പോള്‍ മനസ്സ് വല്ലാതെ തണുത്തു. ഒരു ന്യൂസ് ചാനല്‍ പുറത്തുവിട്ട വാര്‍ത്തയിലൂടെ ഇതില്ലാതാകു ന്നെങ്കില്‍ ആകട്ടെ എന്നു കരുതി.എന്നെ സംബന്ധിച്ചിടത്തോളം കുടുംബം ഇതു തന്നെയാണ്. വേറെ വീടോ സ്വത്തോ ഒന്നുമില്ല. ഇവിടത്തെ പാവങ്ങളോടൊപ്പമാണ് ഞങ്ങളുടെ ജീവിതവും മു ന്നോട്ടു പോകുന്നത്. അവര്‍ ജീവിച്ചാല്‍ ഞങ്ങള്‍ക്കും ജീവിക്കാമെന്ന് മനസ്സില്‍ കരുതി.



       ഈ റിപ്പോര്‍ട്ട് നല്‍കിയ ആളെ കൊല്ലത്ത് വച്ച് കണ്ടപ്പോള്‍ താങ്കള്‍ എപ്പോഴെങ്കിലും ഗാന്ധി ഭവനില്‍ വന്നിട്ടുണ്ടോ? എന്നു ചോദിച്ചു. "ഞാന്‍ പുതിയ ആളാണ്, ഗാന്ധിഭവനെക്കുറിച്ച് കേട്ടിട്ടേ ഉള്ളൂ.പക്ഷേ നിങ്ങളുടെ നാട്ടില്‍ നിന്നും വളരെ വിശ്വസ്തമായി എനിക്കു കിട്ടിയ അറിവില്‍ നിന്നാ ണ് ഇത്  റിപ്പോര്‍ട്ട് ചെയ്തത് " എന്നായിരുന്നു അയാളുടെ മറുപടി. "ഗാന്ധിഭവന്‍ നല്ലത് പോലെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നു തനിക്കു മനസ്സിലായതായും താങ്കള്‍ക്കിതൊരു പാഠമാണെ ന്നും ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും അയാള്‍ ഓര്‍മ്മപ്പെടുത്തി. ഏതായാലും അനിയന്‍ വന്നു ഈ സ്ഥാപനം   ഒന്നു കാണണമെന്ന്  പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു..

ഗാന്ധിഭവനോട് ബന്ധമുള്ളവര്‍ ഈ സംഭവത്തില്‍ ചാനലിനോടൊപ്പം ഉണ്ടായിരുന്നല്ലോ. സത്യം എന്തായിരുന്നു?


പിന്നീട്  ഞാന്‍ അതേക്കുറിച്ച്  അന്വേഷിച്ചപ്പോള്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ഒരാളാണ് ഇതി ന്റെ പിന്നില്‍ എന്ന് മനസ്സിലായി. അയാള്‍ എപ്പോഴും ഇവിടെ വരാറുണ്ടായിരുന്നു. സാമൂഹ്യക്ഷേമ ബോര്‍ഡിനു കീഴിലുള്ള ലീഗല്‍  സര്‍വീസ്  പ്രൊവൈഡിംഗ് സെന്ററിലെ  ഒരു കൌണ്‍സലറെ നി യമിക്കുന്നതുമായി ബന്ധപ്പെട്ട ഇഷ്ടക്കേടായിരുന്നു ഗന്ധിഭവനെതിരെ തിരിയാനുള്ള അയാളുടെ ചേതോവികാരം.ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം  സ്വയം കേസെടുക്കാന്‍ കഴിയുന്ന ഈ തസ്തിക അയാളുടെ ഭാര്യക്ക് മന:പൂര്‍വ്വം കൊടുത്തില്ല എന്ന വിശ്വാസം മൂലമായിരുന്നു അ യാള്‍ ഇതിനൊക്കെ ഇറങ്ങിത്തിരിച്ചത്. 



ഗാന്ധിഭവന് ഗവണ്‍മെന്റില്‍ നിന്നും കിട്ടുന്ന ആകെയുള്ള ധനസഹായം സാമൂഹ്യ ക്ഷേമ വകുപ്പില്‍ നിന്നും പ്രതിമാസം ഈ തസ്തിക വഹിക്കുന്ന ആള്‍ക്ക് ശമ്പളമായി ലഭിക്കുന്ന അയ്യായിരം രൂപയാണ്. ഒരു വര്‍ഷം മാത്രം നീണ്ടു നില്‍ക്കുന്ന ഈ നിയമ നം വഴി വലിയ  ബഹുമാന്യത പ്രസ്തുത സ്ഥാനം വഹിക്കുന്ന ആളിന് കിട്ടുന്നു എന്നതാണ് ഈ ജോലിയുടെ പ്രത്യകത. ഇവിടെ വരുന്ന അപേക്ഷകളില്‍ സാമൂഹ്യക്ഷേമ വകുപ്പാണ് ഇന്റര്‍വ്യൂ നടത്തുന്നതും ആളെ കണ്ടെത്തുന്നതും. ഞങ്ങള്‍ അക്കാര്യത്തില്‍ ഇടപെടാറില്ല.

താങ്കളുടെ പെരുമാറ്റം ശത്രുക്കളെ സൃഷ്ടിക്കാന്‍ കാരണമാകുന്നുണ്ടോ?

എന്റെ പക്കല്‍ കുഴപ്പം കാണും.നേരത്തെ സാമൂഹ്യ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഗാന്ധിഭവന്റെ ഉള്ളില്‍ ഒതുങ്ങി നിന്നുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.രണ്ടാമതായി, വഴങ്ങാത്ത ഒരു സ്വഭാവമാണ് എനിക്കുള്ളത്. അതു പണ്ടേ ഉണ്ടായിരുന്നു. ചില കാര്യങ്ങളില്‍ നോ പറഞ്ഞു സ്ഥലം വിടും. മറ്റു ചിലവ സ്നേഹപൂര്‍വ്വം ഉള്‍ക്കൊള്ളുകയും ചെയ്യും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നീരസം തോന്നിയ ചിലരെങ്കിലും ഉണ്ടാകും. അവര്‍ തീര്‍ച്ചയായും ഈ സ്ഥാപനത്തിനെതിരെ ചിന്തിക്കാന്‍ ഒരു പക്ഷേ തയ്യാറാകും.ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം എന്ന പോലെ നന്മ കാണുമ്പോഴും മുഖം തിരിക്കുന്ന കുറേപേര്‍ എല്ലായിടത്തും കാണു മല്ലോ.


കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിസിറ്റി എന്ന സ്വകാര്യ മെഡിക്കല്‍ കോളജും ഗാന്ധിഭവനുമാ യുള്ള ബന്ധം എന്താണ്? 

കുറെ സ്വകാര്യ ആശുപത്രികള്‍ ഗാന്ധിഭവന്‍ കുടുംബാംഗങ്ങള്‍ക്ക്  സൌജന്യമായി ചികിത്സ നല്‍കി വരുന്നു.അത്തരത്തിലുള്ള ഒരു ബന്ധം മാത്രമേ ഞങ്ങളും മെഡിസിറ്റിയും തമ്മിലുള്ളൂ. എല്ലായിടത്തും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത് പോലെ അവര്‍ ഇവിടെയും ചെയ്തിട്ടുണ്ട്.ഇത്തരം ക്യാമ്പില്‍ നിന്നും കണ്ടെത്തുന്ന, കിടത്തി ചികിത്സ ലഭിക്കേണ്ടവരെ മെഡിസിറ്റിയിലേക്ക്   കൊണ്ടു പോകാറുമുണ്ട്. ഇത് എല്ലാ ആശുപത്രികളും ചെയ്തു വരുന്ന ഒരു സാധാരണ കാര്യമാണ്.പാവങ്ങളെ സഹായിക്കാനുള്ള ഒരു വാര്‍ഡ്‌ തന്നെ മെഡിസിറ്റിയില്‍ ഉണ്ട്. 
       ജീവകാരുണ്യ രംഗത്ത് അവര്‍ വളരെ താല്പര്യത്തോടെ കേരളത്തിന്റെ നാനാ ഭാഗങ്ങളിലും ചികിത്സാ രംഗത്ത് ആളുകളെ സഹായിക്കുന്നുണ്ടത്രേ. ആ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഒരിക്കല്‍ ഇവിടെ വരികയും പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തില്‍ 2009 മുതല്‍ ഇവിടത്തെ രോഗികള്‍ക്ക് മെഡിസിറ്റിയില്‍ ഏറ്റവും നല്ല   രീതിയില്‍ സൌജന്യ ചികിത്സ നല്‍കുന്നുണ്ട്. അഡ്മിറ്റ് ചെയ്യേണ്ടവരെ അന്നു മുതല്‍  അവിടെ കൊണ്ടു പോകുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും നമുക്ക് സൌജന്യ ചികിത്സ ലഭിക്കുന്നുണ്ട്.പക്ഷേ മരുന്ന് കിട്ടാറില്ല. മെഡിസിറ്റിയില്‍ നിന്നും വില കൂടിയ മരുന്നുകളും ഓപ്പറേഷന്‍ വേണ്ടി വന്നാല്‍ അതും സൌജന്യമായി കിട്ടുന്നുണ്ട്‌. ആഴ്ചകളോളം കിടന്നു ചികിത്സിക്കേണ്ട കേസുകളെല്ലാം അവര്‍ തീര്‍ത്തും സൌജന്യമായാണ് ചെയ്യുന്നത്.

     
                                       

      ഒരു ദിവസം   മെഡി സിറ്റിയില്‍ നിന്നും വന്ന അഞ്ചു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇവിടെ ഒരു മെഡിക്കല്‍ ക്യാമ്പ്  നടത്തി. മുന്നൂറോളം പേരെ പരിശോധിച്ചു. വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ടു പേരെ അന്നേ ദിവസം ആംബുലന്‍സില്‍ അങ്ങോട്ടയക്കുകയും ബാക്കിയുള്ളവരിലെ അഡ്മിറ്റ് ചെയ്യേണ്ട മുപ്പത്തിരണ്ടു പേരെ ഗാന്ധിഭവനില്‍ അപ്പോള്‍ വാഹന സൌകര്യം ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയുടെ വാഹനത്തില്‍ അവിടെ എത്തിക്കുകയും ചെയ്തു. ചികിത്സക്ക് ശേഷം ഒരാഴ്ച്ചക്കുള്ളില്‍ ഒന്ന് രണ്ടു ഘട്ടങ്ങളായി അവരെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ആ സമയത്ത് അവിടെ ഇന്‍സ്പെക്ഷന്‍ ഉണ്ടായിരുന്നത്രേ.ശരിക്കും പറഞ്ഞാല്‍ ആ വിവരം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.ഇനി  ഇന്‍സ്പെക്ഷനാണ് കുറെ രോഗികളെ അതിനായി  നല്‍കണമെന്ന് പറഞ്ഞാലും ഞങ്ങള്‍ക്ക് കൊടുക്കാവുന്നതാണ്.കാരണം യാതൊരു പ്രതിഫലവും വാങ്ങാതെ ഞങ്ങള്‍ക്ക് ഉയര്‍ന്ന ചികിത്സ നല്‍കുന്ന സ്ഥാപനമാണ്‌ മെഡിസിറ്റി. എഴുന്നൂറോളം പാവങ്ങള്‍ അധിവസിക്കുന്ന ഇവിടെ സ്വാഭാവികമായും രോഗികള്‍ എല്ലായ്പ്പോഴും ഉണ്ടാകും. അവരെ ചികിത്സിക്കുന്നതിനായി ഒരു ഫിസിഷ്യനും 22 നഴ്സുമാരും ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഒരു ക്ലിനിക്  ഇവിടെ ഉണ്ട്. കൂടാതെ ഞങ്ങള്‍ അടൂരിനടുത്തു ഏഴംകുളത്ത് ഒരു വാടക കെട്ടിടം എടുത്ത് കുറെ ഡോക്ടര്‍മാരുടെ സഹായത്തോടെ  ഒരാശുപത്രി നടത്തുന്നുമുണ്ട്.


മറ്റു ധര്‍മസ്ഥാപനങ്ങളിലെ രോഗികള്‍ക്കും ഇതുപോലെ മെഡിസിറ്റിയില്‍ പ്രവേശനം നല്‍കു ന്നുണ്ടോ?
    ഏഷ്യാനെറ്റ് ന്യൂസില്‍ ഈ വാര്‍ത്ത വരുന്ന ദിവസം തന്നെ കലയപുരം സങ്കേതത്തിലെ   ഇരു ന്നൂറോളം രോഗികളും മയ്യനാട് എസ്.എസ്. സമിതിയിലെ നൂറോളം രോഗികളും മെഡിസിറ്റിയില്‍ ഉണ്ടായിരുന്നു.കാരണം അവര്‍ മെഡിക്കല്‍ക്യാമ്പ് നടത്തുന്നത് മിക്കപ്പോഴും അടുത്തടുത്ത സമയ ങ്ങളിലായിരിക്കും.ഇന്‍സ്പെക്ഷന്‍ സമയത്തല്ലാതെ തന്നെ ഹോസ്പിറ്റല്‍ അധികൃതര്‍  ഞങ്ങളുടെ രോഗികളെ അഡ്മിറ്റു ചെയ്യുകയും ചികിത്സ നല്‍കുകയും ചെയ്തു വരുന്നു. ഇന്‍സ്പെക്ഷന്‍ സമയ ത്ത് മാത്രമല്ലല്ലോ മനുഷ്യര്‍ക്ക്‌ അസുഖം വരുന്നത്.ഈ വാര്‍ത്ത വന്നതിനു ശേഷവും മൂന്നു തവണ ഞങ്ങള്‍ മെഡിസിറ്റിയില്‍ രോഗികള്‍ക്ക് ചികിത്സ തേടി പോയിട്ടുണ്ട്. 

താങ്കള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. ആ നിലയില്‍ ഈ ചാനല്‍ വാര്‍ത്തയെ എങ്ങ നെ വിലയിരുത്തുന്നു?

റെയില്‍വേ സ്റ്റേഷനില്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ വന്നിറങ്ങി അവരുടെ ആശുപത്രിയുടെ കാറില്‍ കയറി പോകുന്നതും മറ്റും വിഷ്വലൈസ് ചെയ്ത് സംപ്രേഷണം ചെയ്യുന്നതില്‍ എന്തര്‍ത്ഥ മാണുള്ളത്.ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മാധ്യമഭീകരത തന്നെയാണിത്. അവര്‍ പറ ഞ്ഞത് രോഗികളെ വാടകയ്ക്ക് കൊടുക്കുന്നു എന്നായിരുന്നു.രോഗം ഇല്ലാത്ത കുറെ അനാഥരെ ഇന്‍സ്പെക്ഷനു വേണ്ടി കൊടുത്താല്‍ ആ പറയുന്നതില്‍ കഴമ്പുണ്ടെന്ന് പറയാം.രോഗിയെ നാം കൊടുക്കുന്നത്ചി കിത്സക്കല്ലേ... രോഗം ഇല്ലാത്തവരെ ചികിത്സിക്കാന്‍ പറ്റുമോ...? ഇതിനു മെഡി ക്കല്‍ രേഖകളില്ലേ...? ബന്ധപ്പെട്ട അധികാരികള്‍ക്ക് പരിശോധിക്കാവുന്നതല്ലേ...? ചിലര്‍ പറഞ്ഞ ത് രോഗികളെ വാടകയ്ക്ക് കൊടുത്ത് കോടികള്‍ നേടുന്നു എന്നാണ്. മുപ്പത്തി നാല് രോഗികളെ അപ്രകാരം കൊടുത്താല്‍ എത്ര കോടിയാണ് കിട്ടുന്നത്... ? ഇവരുടെ വാദം വച്ച്  പരിശോധിച്ചാല്‍ തന്നെ ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ചായ നല്‍കാന്‍ ആ തുക തികയുമോ? ഇതൊന്നും ഗണിക്കാതെ യുക്തിക്ക് നിരക്കാത്ത വാര്‍ത്തകള്‍ നാം വിളമ്പരുത്.

     
                                


 പാവങ്ങളെ സഹാ യിക്കാന്‍ മനസ്സുള്ളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്ന അപകടകരമായ പ്രവണതയാണ് ഇത്തരം വാര്‍ത്തകള്‍ കൈമാറുന്നത്. ജനങ്ങള്‍ ദൃശ്യമാധ്യമങ്ങളെ വെറുക്കുകയും വരും കാലങ്ങ ളില്‍ ടി.വി. തന്നെ വാങ്ങാതിരിക്കുകയും ചെയ്യുന്ന കാലം വന്നാല്‍ പോലും നാം അത്ഭുതപ്പെടേ ണ്ടതില്ല.
    
ആശുപത്രികളുമായി മറ്റെന്തെങ്കിലം സാമ്പത്തിക ഇടപാടുകള്‍ ഗാന്ധിഭവന്‍ നടത്തുന്നു ണ്ടോ?

ഒറ്റ ആശുപത്രിയുമായി ഒരു സാമ്പത്തിക ഇടപാടും ഞങ്ങള്‍ നടത്തുന്നില്ല.അവര്‍ ആ രീതിയില്‍ ഞങ്ങളെ സഹായിക്കാറുമില്ല; അവരോട് ഗാന്ധിഭവന്‍ സാമ്പത്തിക സഹായം ചോദിച്ചിട്ടുമില്ല. ഞങ്ങള്‍ എല്ലാ ആശുപത്രികളോടും ആവശ്യപ്പെടുന്നത് സൌജന്യ  ചികിത്സയും അത്യാവശ്യം മരു ന്നുകളും മാത്രമാണ്. കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലില്‍ ഗന്ധിഭവനിലെ ഒരു പെണ്‍കുട്ടിക്ക് ഓപ്പറേഷന്‍ നടത്തുകയുണ്ടായി. കാല്‍ രണ്ടും മടങ്ങിയിരുന്ന ആ കുട്ടിയുടെ കാലുകള്‍ നിവര്‍ത്തി യെടുത്തു നടക്കാന്‍ പ്രാപ്തമാക്കിയത് മുത്തൂറ്റ് ആശുപത്രിയിലെ പ്രദീപ്കുമാര്‍ എന്ന ഓര്‍ത്തോ ഡോ ക്ടര്‍ ആയിരുന്നു. ഈ ഓപ്പറേഷന് നാലു ലക്ഷം രൂപയാണ് ചെലവായത്. ഇതു വഹിച്ചത് മേളം കറിപൌഡറും മുത്തൂറ്റ് ഗ്രൂപ്പും ചേര്‍ന്നായിരുന്നു. ഇത്തരത്തിലുള്ള സഹായങ്ങള്‍ മനുഷ്യത്വപരമാ യി കാണുന്നവരാണ് ഞങ്ങളെ ചികിത്സയിലൂടെ സഹായിക്കുന്നത്. 





   

comments pls