ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അറിയാത്ത ഒരാൾ പോലും ഉണ്ടാകരുത്...


എഡിറ്റോറിയല്‍

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അറിയാത്ത ഒരാൾ  പോലും ഉണ്ടാകരുത്...

       സ്വതന്ത്ര ഭാരതത്തിന്റെ ഓരോ വയസ്സും നമ്മുടെ അഭിമാന ബോധത്തിന്റെ വര്‍ദ്ധിത വീര്യമാണ്. പല നിറങ്ങളിലുള്ള നൂലുകള്‍ ഊടും പാവുമായ ജീവിതക്രമം പുലരുന്ന ലോകത്തിലെ അപൂര്‍വം നാടുകളില്‍ ഒന്ന്. അതിന്റെ ചരിത്രവീഥികളിൽ വിട്ടുവീഴ്ചയുടെ പാഠഭേദങ്ങളുണ്ട്. ഒരേ സമയം മാറിമറിയുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും സാംസ്കാരിക വൈജാത്യങ്ങളും നമ്മെ ലോകസമക്ഷത്തില്‍ ശ്രദ്ധേയരാക്കുന്നു. 

                   
              
മഹാമനീഷികള്‍ പിറന്നു വീണ് ലോകത്തിന് പുതിയ വഴിത്താര സൃഷ്ടിച്ചിട്ടുള്ള ഇന്ത്യയുടെ ഇന്നലെകള്‍ പോരാട്ടങ്ങളുടേതായിരുന്നു.വൈദേശികനുകം പറിച്ചെറിയാന്‍ നാം അനുഭവിച്ച ത്യാഗങ്ങള്‍ ഇന്നിന്റെ അസുഖകരമായ അന്തരീക്ഷത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത് ആശാവഹമല്ല. സ്വന്തം പ്രാണനുകള്‍ രാജ്യത്തിന്‌ വേണ്ടി എറിഞ്ഞു കൊടുത്തിട്ടാണ് സ്വാതന്ത്ര്യമാകുന്ന നീല വിഹായസ് നമുക്കായി മുന്‍ഗാമികള്‍ നേടിയെടുത്തത്.
            എല്ലാവര്‍ക്കും തുല്യതയും പ്രവര്‍ത്തന സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന ഭാരതത്തിന്റെ ഭരണഘടനയുടെ അന്ത:സത്ത ഏതെങ്കിലും കാലങ്ങളില്‍ മറന്നുപോകുന്ന ഭരണാധികാരികള്‍ ആണ് പലപ്പോഴും അശാന്തസമൂഹങ്ങള്‍ക്ക് അടിത്തറ പാകുന്നത്.അവസരസമത്വം തളികയിലെടുത്ത് പണം,കുലം,പ്രാമാണ്യം തുടങ്ങിയ അതിര്‍വരമ്പുകൾക്ക് സമര്‍പ്പിക്കുമ്പോള്‍ രാജ്യം അതുവരെ കൈവരിച്ച  പുരോഗതി അട്ടിമറിക്കപ്പെടുന്നു.



സ്വാതന്ത്ര്യ സമരത്തിന്റെ ദീപ്തമായ സ്മരണകള്‍ പുതുതലമുറ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. രാഷ്ട്രപിതാവ് ഉൾപ്പെടെയുള്ളവർ ക്രൂരവും അടിസ്ഥാന രഹിതവുമായ ചോദ്യം ചെയ്യലുകള്‍ക്ക്   വിധേയമാകുന്നു. അദ്ദേഹത്തെ നിഷ്റൂരമായി വധിച്ച ഗോഡ്സെ പോലും ചിന്തിക്കാത്ത തരത്തില്‍ ഗാന്ധിനിന്ദ പലയിടത്തു നിന്നും ഉയരുന്നുണ്ട്. ആയുധമെടുക്കാതുള്ള ഒരു പതിയ സമരമുറ ലോകത്തിന് പ്രദാനം ചെയ്ത ആ പുണ്യവാന്റെ  കാലടിപ്പാടുകളിലെ   ചൊരിമണലാകാന്‍ നമുക്കാര്‍ക്കും സമയമില്ല! അതിര്‍ത്തിയില്‍ നിന്നുയരുന്ന അനാവശ്യ വെടിയൊച്ചകള്‍ നമ്മുടെ ധീരജവാന്മാരുടെ ജീവനും വിലയേറിയ സമയവും കവരുന്നു. 
        ഈ ദശാസന്ധിയില്‍ കൂടുതല്‍ ഫലവത്തായ നിലയില്‍  മുന്‍ഗാമികളുടെ ധീരചരിത്രം പുതു തലമുറ പഠിക്കണം. ഇന്ത്യയുടെ  സ്വാതന്ത്ര്യ  സമരത്തെയും ദേശീയ നേതാക്കളെയും അറിയാത്ത ഒരാള്‍ പോലും ഉണ്ടാകരുത് എന്ന നിലയില്‍ സര്‍ക്കാര്‍ വിവിധ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാകുക... 
                         
                                             സ്വാതന്ത്ര്യദിനം-ഓണം‌-പെരുന്നാള്‍ ആശംസകളോടെ....
                                                                                 

നോട്ടുകെട്ടുകള്‍ വിശപ്പ്‌ മാറ്റില്ല (എഡിറ്റോറിയൽ, ലക്കം-9 )


നോട്ടുകെട്ടുകള്‍ വിശപ്പ്‌ മാറ്റില്ല... 


      അതിദ്രുതം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തില്‍ കൃഷിഭൂമി തുടച്ചു മാറ്റപ്പെടുകയാണ്. നെല്ലോല കള്‍ തലയാട്ടി, പൊന്‍കതിരുകള്‍ മാടിവിളിച്ചിരുന്ന പാടങ്ങളൊക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. നഗര പ്രദേശങ്ങളില്‍ കൃഷി യോഗ്യമായ ഒരു തുണ്ട് ഭൂമി ഇനിയൊരിക്കലും ഉണ്ടാകില്ല.കൃഷി കേട്ടറിവ് മാത്രമാകുമോ? 
       

       വിഷം കലര്‍ന്ന പച്ചക്കറിയും പാലും, ഹോര്‍മോണ്‍  കുത്തിവച്ച കോഴിയും രോഗബാധിതമായ അറവുമാടുകളുമൊക്കെ മലയാളിയുടെ നിത്യജിവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളായി എന്നേ മാറിയിരിക്കുന്നു.

   നാക്കിലയില്‍ തൊടുകറി വിളമ്പി,തുമ്പപ്പൂ ചോറ് കൂട്ടി സദ്യ ഉണ്ടിരുന്ന മുന്‍തലമുറയിലെ ശീലങ്ങള്‍ പുത്തന്‍കൂട്ടുകാര്‍ക്ക് വിശ്വസിക്കാനാകാത്ത യക്ഷിക്കഥ പോലെ തോന്നുന്നെങ്കില്‍ നാം എത്ര ത്തോളം പ്രകൃതിയില്‍ നിന്നും അകന്നിരിക്കുന്നു എന്ന് വിലയിരുത്തുക.
      
   പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ കാര്‍ഷിക വികസനത്തിനായി ഗവണ്‍മെന്റ് ചെലവഴിക്കുമ്പോള്‍ അത് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എന്ന് ആരും പരിശോധി ക്കുന്നില്ല. കൃഷിഭവന്‍ വഴി വിതരണം ചെയ്യുന്ന നടീല്‍ വസ്തുക്കള്‍, വളം തുടങ്ങിയവ മിക്കപ്പോഴും കൃഷിയുമായി ബന്ധമില്ലാത്ത കടലാസ് സംഘടനകളും വ്യക്തികളും പങ്കിട്ടെടുക്കുന്നു.ഫീൽഡ് വര്‍ക്ക് ചെയ്യുന്ന എത്ര കൃഷി ഉദ്യോഗസ്ഥർ ഉണ്ടെന്ന്‌ പരിശോധിക്കാന്‍ സര്‍ക്കാര്‍  തയ്യാറാകുക. ആത്മാര്‍ഥമായി തങ്ങളുടെ കടമ നിര്‍വഹിക്കുന്നവരും കാര്‍ഷിക പുരോഗതിക്കു വേണ്ടി യത്നിക്കു കയും ചെയ്യുന്ന ഒരു വിഭാഗം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിഭവനുകളും നിലവിലുണ്ടെന്നത് വസ്തുതയുമാണ്. അവരെ മറന്നു കൊണ്ടല്ല ഇക്കാര്യങ്ങള്‍ പറയുന്നത്. തീര്‍ച്ചയായും അത്തരം ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പാരിതോഷികങ്ങള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ ക്രിയാത്മകമായി അവരെ ക്കൊണ്ട് പ്രവര്‍ത്തിപ്പിക്കണം. 
    
    ഏതെങ്കിലും കോണില്‍ ഒരു തുണ്ട് വയല്‍ അവശേഷിക്കുന്നെങ്കില്‍ അത് ബിനാമി പേരില്‍ വാങ്ങി മണ്ണിട്ട്‌ നികത്തി ഹോട്ടലുകളും കോളജുകളും  സ്ഥാപിച്ച് ആധുനിക സമൂഹം പ്രകൃതിയെയും വരാനിരിക്കുന്ന തലമുറയെയും ഹനിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.നെല്‍വയലുകള്‍ നികത്തരുതെന്ന ചട്ടം നിലനില്‍ക്കവേ തന്നെ ഭരണകൂടങ്ങള്‍ മാറിവരുമ്പോള്‍ സ്വാധീനം ഉപയോഗിച്ച് യാതൊരു കൂസലുമില്ലാതെ ചിലര്‍   ടിപ്പര്‍ വാഹനങ്ങളുടെ കൂട്ടപ്പാച്ചില്‍ സൃഷ്ടിക്കുന്നു. 
      
   കാര്‍ഷികമേഖലയില്‍ താല്‍പര്യവും ഭാവിയെക്കുറിച്ച് ബോധ്യവുമുള്ള  ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഗവണ്‍മെന്റുകള്‍ ദിശാബോധത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണം. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങല്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി കൃഷിയോഗ്യമാക്കി   നല്‍കി അതിന്റെ ഗുണഫലം കൊയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ എന്തിനാണ് മടിച്ചു നില്‍ക്കുന്നത്.
      അവസാനത്തെ പുഴയും വറ്റിച്ച്,ഒടുവിലത്തെ വയലും കോണ്‍ക്രീറ്റ് കൂടാരങ്ങളാല്‍     അലങ്കരിച്ച്‌ അനന്തര തലമുറകള്‍ക്ക് വേണ്ടി സമ്പാദിക്കുമ്പോള്‍ അവര്‍ ഭാവിയില്‍ എന്തായിരിക്കും കഴിക്കുക എന്ന് ആരും ചിന്തിക്കുന്നില്ല. 
    
    ഒരു തുണ്ട് ഭൂമിയില്‍ ഒരു കൊച്ചു തൈ നട്ട് അല്ലെങ്കില്‍ ഒരു വിത്തിട്ട്‌ വളര്‍ത്തിയെടുത്ത് ഈ പ്രപഞ്ചത്തിലെ ഏറ്റവും നന്മ കലര്‍ന്ന ഭക്ഷണം കഴിക്കാന്‍ ഓരോ മനുഷ്യനെയും പര്യാപ്തമാക്കുന്ന  സംസ്കാരത്തിലേക്ക് നാം വേഗം തിരിയുക.എന്‍ഡോസള്‍ഫാന്റെ ചീഞ്ഞ മണം തങ്ങി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ നവസുഗന്ധം വിതറുന്ന,  ഒപ്പം  വിശപ്പ്‌ മാറ്റുന്ന നാമ്പുകള്‍ തല ഉയര്‍ത്തട്ടെ.
           
        പാഠപുസ്തകങ്ങളിലും പ്രോജക്റ്റ് വര്‍ക്കുകളിലും കൃഷിയെ സ്നേഹിക്കാന്‍ ഉതകുന്ന നിര്‍ബന്ധിത മണിക്കൂറുകള്‍ നീക്കി വയ്ക്കാന്‍ തയ്യാറാകുക.എന്റെ കുട്ടിയെ ഭാവിയിലൊരു കര്‍ഷകനാക്കും എന്നു പറയാനുള്ള ആര്‍ജ്ജവത്തിലേക്ക്   രക്ഷാകര്‍ത്താക്കളെ നയിക്കുക.

  നോട്ടുകെട്ടുകള്‍ അടുക്കിവച്ച്  കാര്‍ഷിക പാരമ്പര്യത്തെ തള്ളിപ്പറയുന്നവര്‍ ഓര്‍ക്കുക; 
ഈ നോട്ടുകെട്ടുകള്‍ വിശപ്പ്‌ മാറ്റില്ല...  

comments pls