തീരദേശ എക്സ്പ്രസ്സ് ഹൈവേ ( ഭാഗം 2)


തീരദേശ എക്സ്പ്രസ്സ് ഹൈവേയെ സംബന്ധിച്ച് ചില ചോദ്യങ്ങള്‍ പ്രസക്തമാണ്. 
അവയില്‍ ചിലതിന്‌  ഉത്തരങ്ങള്‍ തേടാം.

മത്സ്യത്തൊഴിലാളികളുടെ 
ഉപജീവനം മുട്ടിപ്പോകില്ലേ...? അവരെ എന്ത് ചെയ്യും...? 

    ചോദ്യങ്ങൾക്ക് രവിനാഥൻപിള്ള വ്യക്തമായ ഉത്തരം നല്‍കുന്നു. കടലില്‍ നിന്നുള്ള ആക്ര മണം പോലും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തില്‍ റഡാര്‍സംവിധാനമാണ് എക്സ്പ്രസ് ഹൈവേയില്‍ ഉപയോഗിക്കുന്നത്.ഏഴുമീറ്ററോളം ഉയരത്തില്‍ പാത പോകുന്നതിനാല്‍ അതിനടി യിലൂടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. വള്ളവും വലയും അടക്കമു ള്ളവ സംരക്ഷിക്കാന്‍ അവിടെ സ്ഥലമു ണ്ടാകും.

                               
                                   ഫോട്ടോ : സിംഗപ്പൂർ തീരദേശ പാത (കടപ്പാട് ഗൂഗിൾ)

 നിര്‍ദ്ദിഷ്ട പാതയില്‍ നിന്നും കേവലം നൂറു മീറ്റര്‍ അകലെയുള്ള പ്രദേശത്ത്‌ ഹൈടെക് ഗ്രാമങ്ങള്‍ തീര്‍ത്ത്‌ നല്ല ഫ്ലാറ്റുകള്‍ പണിത് മത്സ്യത്തൊഴി ലാളികളെ പുനരധിവസിപ്പിക്കാം എന്നാണ്‌ ഇക്കാര്യത്തില്‍ ഇദ്ദേഹത്തിന്റെ വിഭിന്ന വീക്ഷണം.ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന ഗ്രാമത്തില്‍ പോസ്റ്റ്‌ഓഫീസ് മുതല്‍ മാര്‍ക്കറ്റ് വരെ ഉണ്ടാകണം.വില്ലേജ് ഓഫീസും കളിസ്ഥലവും പാര്‍ക്കും സ്കൂളും എല്ലാം ഇവിടെ രൂപകല്‍പന ചെയ്യണം.ഒരു തുരുമ്പിനു പോലും ഗ്രാമത്തിന് പുറത്തേക്ക് ഇവര്‍ക്ക് പോകേണ്ടി വരില്ല.ഫ്ലാറ്റ് തീര്‍ക്കാനുള്ള സമ്പത്ത്, നിലവിലുള്ള ഹൈവേയില്‍ ബി.ഒ.ടി.പാത നിര്‍മ്മിക്കാന്‍ സ്ഥലമെടുക്കുന്നതിന് നീക്കി വച്ചിരിക്കുന്ന തുകയില്‍ നിന്നെടുക്കാം. സുനാമി പേടിയില്ലാതെ തന്നെ  ഉയര്‍ന്ന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെടുന്ന ഫ്ലാറ്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍വവിധ സംരക്ഷ ണവും നല്‍കും.

തീരദേശ എക്സ്പ്രസ് ഹൈവേക്കുള്ള പണം എവിടെ നിന്ന് കണ്ടെത്തും...?
കേരളത്തിനിത് താങ്ങാന്‍ പറ്റുമോ? 


ഫോട്ടോ : സിംഗപ്പൂർ തീരദേശ പാത (കടപ്പാട് ഗൂഗിൾ)

     ഇവ തീർച്ചയായും പ്രധാനപ്പെട്ട  ചോദ്യ ങ്ങളാണ്.പക്ഷേ ഇതിനുള്ള പിള്ളയുടെ ഉത്തരം നമ്മെ അമ്പരപ്പിക്കുക തന്നെ ചെയ്യും. ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു വഴി ഇതിനായി അദ്ദേഹം തുറന്നുതരുന്നു!വാരിക്കോരി പരസ്യം നൽകാൻ കോടികള്‍ മുടക്കുന്നവര്‍ക്ക് യാതൊരു പഞ്ഞവും
ഇല്ലാത്ത നാടാണ് നമ്മുടേതു്.585 കിലോമീറ്റര്‍ റോഡില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, വാണിജ്യസ്ഥാപനങ്ങള്‍ക്ക് വിദൂരത്തിരുന്നു നിയന്ത്രിക്കാന്‍ കഴിയുന്ന ഇരുപതിനായിരത്തില്‍ കുറയാത്ത പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുക. ഇതിലേക്ക് ബോര്‍ഡ് ഒന്നിന് അഞ്ച് ലക്ഷം രൂപയില്‍ കുറയാതെ പ്രതിവര്‍ഷ വാടക നിശ്ചയിക്കുക. ഈ തുക രണ്ടു വര്‍ഷം മുമ്പു തന്നെ ഘട്ടം ഘട്ടമായി കരാര്‍ പ്രകാരം ഈടാക്കുക. പണി തീരുന്ന മുറക്ക് ബോര്‍ഡ് ഫിറ്റ് ചെയ്തു പോകുക. കാല്‍ക്കുലേറ്ററില്‍ കൂട്ടാനാകാത്ത ഈ വമ്പന്‍ തുക പോരേ തീരദേശ എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കാനെന്നു അറിയാതെ നാം സമ്മതിച്ചു പോകുന്നു.പക്ഷേ ആരോട്  പറയാന്‍? 

അനന്തമായ കാലവിളംബം ഈ പദ്ധതിയെ ബാധിക്കില്ലേ? 


ഫോട്ടോ : രവിനാഥൻ പിള്ള (കൈരളിനെറ്റ് മാഗസിൻ)

ന്യായമായ മറ്റൊരു ചോദ്യമാണിത് . ഇതിന്റെ ഉത്തരം വളരെ  ലളിതമാണ്. പക്ഷേ നടപ്പിലാക്കാന്‍ ആര്‍ജ്ജവം വേണം.തീരദേശ എക്സ്പ്രസ് ഹൈവെ വെറും രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിവിധ അന്താരാഷ്ട്ര പദ്ധതികള്‍ ചൂണ്ടിക്കാട്ടി നമുക്ക് പറയാന്‍ കഴിയും. ഉദാഹരണ ത്തിന് സൗദി-ബഹ്‌റൈന്‍ പാലം. 25 കിലോമീറ്റർ നീളത്തിൽ കടലിലൂടെയുള്ള ഈ പാലം തീര്‍ക്കാന്‍ വെറും രണ്ടു വര്‍ഷമാണ്‌ എടുത്തത്.  അതേ മാനദണ്ഡത്തില്‍ നമുക്കിത് ചെയ്യാം. നിലവിലുള്ള മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചു തടസ്സപ്പെടുത്താവുന്ന ഒരു കാര്യവും ഈ നിര്‍മാണ പ്രക്രിയയില്‍ ഉണ്ടാകാത്ത രീതിയില്‍ നേരത്തെ തന്നെ പ്രത്യേക നിയമം പാസ്സാക്കണം. തീരദേശ പരിപാലന നിയമത്തില്‍ ഉള്‍പ്പെടെ കാതലായ മാറ്റം വരുത്തണം എന്നതാണ് ഇതിന്റെ അടിസ്ഥാന സവിശേഷത. ഈ പദ്ധതി നടപ്പാക്കാനുള്ള മാനേജ്മെന്റ്റ് വളരെ സുതാര്യവും ശക്തവും ആയിരിക്കണം.                                                                        
                                                                                                                              (തുടരും)

തീരദേശ എക്സ്പ്രസ്സ് ഹൈവേ ( ഭാഗം 1)


ഒരുപാട് കിനാവുകള്‍ കാണുന്ന ഒരു പ്രവാസി 


ആര് വിചാരിച്ചാലും നന്നാകില്ലെന്നു വാശിപിടിക്കുന്ന കേരളത്തിന്റെ  ഗതാഗത മേഖല... അവിടെ വിപ്ലവകരമായ ഒരു പരിഷ്കാരം നടപ്പിലാക്കാന്‍ പല വാതിലുകളിലും മുട്ടി വിളിക്കുന്ന മറുനാടന്‍ മലയാളിയാണ് കെ.രവിനാഥന്‍പിള്ള.

                    
                        ഫോട്ടോ:  കെ.രവിനാഥന്‍പിള്ള (കൈരളി നെറ്റ് മാഗസിൻ)

ഇദ്ദേഹം പറയുന്നത് എന്താണെന്ന് കാതോര്‍ക്കാന്‍ തല്ക്കാലം അധികാരികള്‍ക്കൊന്നും മനസ്സില്ല. കോടാനുകോടികളുടെ വമ്പന്‍ പദ്ധതികള്‍ എങ്ങനെ നടപ്പാക്കി വിജയിപ്പിക്കണം എന്നറിയാത്ത വികസന സംസ്കാരമാണ് ഇവിടെ നില നില്കുന്നതെന്ന്  ഈ പ്രവാസി പറയുമ്പോള്‍ നേരറി വിന്റെ സത്യം അതിലുണ്ട്.

        ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍  നിരത്തില്‍ ഇറങ്ങുമ്പോള്‍  റോഡുകള്‍ ഒരിഞ്ചു പോലും വളരുന്നില്ല. വീതി കൂടിയ ഹൈടെക് റോഡുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമിയും കേരളത്തില്‍ ഇല്ല. ജനങ്ങളുടെ ആവാസവ്യവസ്ഥയെ കുത്തിയിളക്കി അവരെ തെരുവാധാരമാ ക്കാന്‍ ഭരണകൂടം ബലപ്രയോഗം തന്നെ നടത്തുന്നു. ടോള്‍ബൂത്തുകള്‍ കെട്ടി പൊതുനിരത്തില്‍ തടസ്സം സൃഷ്ടിച്ചു വഴിയാത്രക്കാരെ ഔദ്യോഗികമായി പിടിച്ചു പറിക്കുന്നു.

                    
                            ഫോട്ടോ: കേരളത്തിലെ ടോൾ ബൂത്ത് (കടപ്പാട്)  ഗൂഗിൾ


സമരങ്ങളും കോലാഹലങ്ങളുമായി അന്തരീക്ഷം പ്രക്ഷുബ്ധമാകവേ കണ്‍മുന്നിലുള്ള കനകം കാണാതെ കാക്കപ്പൊന്നിന്റെ പിന്നാലെ പോകാന്‍ ഭരണകൂടം പെടാപ്പാട് പെടുന്നു.ഈ സാഹചര്യ ത്തിലാണ് രവിനാഥന്‍പിള്ള പറയുന്നതിലെ യുക്തിയും സാധ്യതകളും ചര്‍ച്ച ചെയ്യാന്‍  നാം തയ്യാറാ കേണ്ടത്. ഒരുപക്ഷേ നിര്‍ബന്ധിതരാകേണ്ടത്.
         
   ഒമ്പത് ജില്ലകള്‍ അതിരിടുന്ന കേരളത്തിന്റെ 585 കിലോമീറ്റര്‍ കടലോരം ഭാവനാശൂന്യമായി അവശേഷിപ്പിക്കുന്ന, സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കാത്ത കാഴ്ച മങ്ങിയ നയം നാം തിരുത്താന്‍ തയ്യാറാകണം എന്ന് രവിനാഥന്‍പിള്ള അടിവരയിട്ടു പറയുന്നു. ഭൂമിശാസ്ത്രപരമായി വലുപ്പം കൂടിയ രാജ്യങ്ങളും സംസ്ഥാനങ്ങളും താരതമ്യം ചെയ്ത് കേരളത്തില്‍ സ്ഥലമില്ല എന്ന മുട്ട് ന്യായം പറഞ്ഞ്‌ കയ്യൊഴിഞ്ഞ്  നാടിന്റെ വികസനത്തിന്റെ   കൂമ്പൊടിക്കരുതെന്ന് ഇദ്ദേഹം നമ്മെ ഓര്‍മപ്പെടുത്തുന്നു.

      കേരളത്തേക്കാള്‍ എത്രയോ ചെറിയ രാജ്യങ്ങള്‍ പോലും ഗതാഗതത്തിലും അടിസ്ഥാന   വികസന  വിഷയങ്ങളിലും വളരെ മുന്നിലാണെന്ന യാഥാര്‍ത്ഥ്യം ഇനിയും തിരിച്ചറിയാത്തത് പരമ്പരാഗത വികസനവാദികളുടെ തലതിരിഞ്ഞ കയ്യിട്ടുവാരലില്‍ നാം അമര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവാണത്രെ


ഫോട്ടോ: സിംഗപ്പൂർ വികസനം (കടപ്പാട്)  ഗൂഗിൾ

കേവലം 710 ചതുരശ്ര കിലോ മീറ്റര്‍  മാത്രം വിസ്തീര്‍ണം ഉള്ള സിംഗപ്പൂര്‍ വികസന ചക്രവാളത്തില്‍ സുവര്‍ണമുദ്രകള്‍ ചാര്‍ത്തിയപ്പോള്‍ കുണ്ടും കുഴിയുമായി തപ്പിത്തടയുന്ന   കേരളം 38,863 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തേക്ക് പരന്നു കിടക്കുന്നു എന്ന സത്യം ആരും തിരിച്ചറിയാത്തതില്‍ ഇദ്ദേഹം അത്ഭുതപ്പെടുന്നു.

         
ഫോട്ടോ: ബെനിനിലെ ജന ങ്ങൾ (കടപ്പാട്)  ഗൂഗിൾ

     ആഫ്രിക്കന്‍ രാജ്യമായ ബെനിന്‍ ഒരു കാലത്ത് വൈദ്യുതി മോഷണത്തിന് കുപ്രസിദ്ധം   ആയിരുന്നു. രവിനാഥന്‍പിള്ളയുടെ ഭാവനയില്‍ ഉരുത്തിരിഞ്ഞ റഡാര്‍ നിയന്ത്രിത മീറ്ററുകള്‍ സ്ഥാപിച്ച് അവിടെ വൈദ്യുതി  മോഷണം പഴങ്കഥ ആക്കിയെങ്കില്‍ കേരളത്തിലെ ഏക മീറ്റര്‍ കമ്പനിയെ അടച്ചു പൂട്ടാന്‍ ശ്രമിക്കുന്നവരെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് ഇദ്ദേഹത്തിന് അറിയില്ല.

        കേരളത്തില്‍ പണമില്ലെന്നും പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുന്നു എന്നും വിലപിക്കുമ്പോള്‍, റെക്കോർഡ് വേഗതയില്‍ വന്‍കിടപാലങ്ങളും വിവിധ പ്രോജക്ടുകളും പൂര്‍ത്തീകരിക്കാന്‍ സാക്ഷി യായ ഈ പ്രവാസി അത്ഭുതം കൂറുന്നു. വാണിജ്യപരസ്യങ്ങളുടെ സാധ്യത മാത്രം ചൂഷണം ചെയ്ത് കേവലം രണ്ടുവര്‍ഷക്കാലം കൊണ്ട്  കേരളത്തിനൊരു തീരദേശ എക്സ്പ്രസ് ഹൈവേ സംഭാവന ചെയ്യാന്‍ രവിനാഥന്‍പിള്ള തയ്യാറാണ്.

                               
                             
                                  ഫോട്ടോ : സിംഗപ്പൂരിലെ ഒരു തീരദേശപാത  (കടപ്പാട്)  ഗൂഗിൾ

പക്ഷേ അതെങ്ങനെ എന്ന് നെറ്റി ചുളിക്കും മുമ്പ് ഇദ്ദേഹം പറയുന്നത്   കേള്‍ക്കാന്‍ നാം ചെവി കൊടുക്കുക എന്ന ഉപാധി മാത്രമേ പിള്ള ആവശ്യപ്പെടുന്നുള്ളൂ. പതിനായിരക്കണക്കിനു വരുന്ന മത്സ്യത്തൊഴിലാളികളെ ഏറ്റവും മെച്ചപ്പെട്ട ജിവിത സാഹചര്യങ്ങളിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന ഒന്നാണ് രവിനാഥന്‍പിള്ളയുടെ തീരദേശ എക്സ്പ്രസ് ഹൈവേ.                                  
                                                                                                                            (തുടരും)
ഫോട്ടോ : (കടപ്പാട്)  ഗൂഗിൾ


comments pls