അനുഭവിച്ചോ മനുഷ്യാ ...
യശോധരന്‍ ...അലിയാര് കുഞ്ഞ്... നീമ...
കൌണ്ടറിലെ സുന്ദരിമാര്‍ പേരുകള്‍ മാറി മാറി വിളിച്ചുകൊണ്ടിരുന്നു. അവശരായ രോഗികളെ മുകളിലത്തെ നിലയില്‍ എത്തിക്കാന്‍ ചുറുചുറുക്കോടെ നില്‍ക്കുന്ന ജീവനക്കാരന്‍. ഒരേ സമയം ലിഫ്റ്റ് ഓപ്പറേറ്ററായും സെക്യൂരിറ്റി ചുമതലയുള്ള ആളായും തന്റെ റോള്‍ അയാള്‍ ഭംഗിയാക്കുന്നു. കൌണ്ടറിലെ നാരീമണികള്‍ ഇടയ്ക്കിടെ അയാള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. വീല്‍ചെ യര്‍ ലിഫ്റ്റ് വഴി മുകളില്‍ എത്തിക്കാനും അവശതയുള്ള രോഗിയെ മൂന്നാം നിലയിലുള്ള ലാബില്‍ കൊണ്ടു ചെല്ലാനും ഒക്കെ ബഹുമുഖപ്രതിഭയായ ജീവനക്കാരന് വല്ലാത്ത ഉത്സാഹം. ഇത്രയും വായിച്ചപ്പോള്‍ ഏതെങ്കിലും ആശുപത്രിയിലെ ഒരു രംഗമാണിതെന്നു തെറ്റിദ്ധരിക്കരുത്. നഗരത്തിലെ ഒരു സ്കാനിംഗ് സെന്റര്‍ ആണ് സ്ഥലം.
ബിസിനസ്സുകാരനായ സുഹൃത്തിന് മാസങ്ങള്‍ക്ക് മമ്പു ഒരു തലവേദന വന്നു.ഇടയ്ക്കിടെ അതൊരു ശല്യമായി മാറിയപ്പോള്‍, നിരവധി വിദേശ യാത്രകള്‍ അടിക്കടി നടത്തുന്ന അദ്ദേഹം ഭയന്നു. എന്നാല്‍ പിന്നെ കൂടുതല്‍ കണ്‍ഫ്യൂഷന്‍ ആകരുതെന്ന് കരുതി ജില്ലയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂറോവിദഗ്ദ്ധനെ തന്നെ സമീപിച്ചു. മൂല്യബോധമുള്ള അദ്ദേഹം ചങ്ങാതിയെ ആശ്വസിപ്പിച്ചെങ്കിലും താനൊരു മഹാരോഗി ആണോ എന്ന് സംശയമുള്ള സുഹൃ ത്ത്, ഭൂമിയില്‍ നിലവിലുള്ള സകലടെസ്റ്റുകളും നടത്തി നോക്കാന്‍ ഡോക്ടറോട് കെഞ്ചി. മനസില്ലാ മനസ്സോടെ സി.ടി.സ്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്തു... പിന്നെ എക്സ്റേ, ബ്ലഡ്, യൂറിന്‍ എന്നു വേണ്ട സകല ടെസ്റ്റുകളും കൂട്ടുകാരന്‍ വിശദമായി ചോദിച്ചു വാങ്ങി. സി.റ്റി. സ്കാനില്‍ കാര്യങ്ങള്‍ വ്യക്തം അല്ലാത്തതിനാല്‍ ഒരു മരുന്നു കുത്തി വച്ച് ഒന്നുകൂടി സ്കാന്‍ ചെയ്യ ണമെന്ന് ആ വിഭാഗത്തിലെ മേധാവി അറിയിച്ചു! എന്തായാലും രണ്ടു മണിക്കൂര്‍ നേരം കൊണ്ട് എന്റെ ചങ്ങാതിയുടെ പതിനയ്യായിരം രൂപ ആശുപത്രിയിലെ കാഷ്യറുടെ കരലാളനത്താല്‍ തിട്ട പ്പെടുത്തി അവരുടെ മേശയിലേക്കിട്ടു.
വൈകിട്ട് ഡോക്ടറുടെ വീട്ടിലെത്തി റിസള്‍ട്ട് കാണിച്ചപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും ബിസിനസ്സിലെ ടെന്‍ഷനാണ് തലവേദന ഉണ്ടാക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. പക്ഷേ എന്റെ കൂട്ടുകാരന്‍ ആ അഭിപ്രായത്തിനൊന്നും പെട്ടെന്ന് വഴങ്ങിയില്ല.അങ്ങനെയാണെ ങ്കില്‍ എം.ആര്‍.ഐ.സ്കാന്‍ എടുക്കണമെന്ന് രോഗിക്കൊരു ആഗ്രഹം. തന്റെ വരുമാനം നിശ്ച യിച്ചു കൃത്യമായി സക്കാത്ത് കൊടുക്കുന്ന ദൈവഭയമുള്ള ഡോക്ടര്‍ രോഗിയുടെ അസുഖത്തിന്റെ കാഠിന്യം (രോഗി പറയുന്നതാണല്ലോ ഡോക്ടര്‍ ഏറെക്കുറെ ഉള്‍ക്കൊള്ളുന്നത്) മനസ്സിലാക്കി പ്രിസ്ക്രിപ്ഷന്‍ തയ്യാറാകി. വെറുതെ ടെസ്റ്റുകള്‍ എടുക്കുന്നതില്‍ താല്പര്യമില്ലാത്ത അദ്ദേഹം ചങ്ങാതിക്കൊരു നിര്‍ദ്ദേശം കൂടി നല്‍കി. അടുത്ത തവണ നിങ്ങള്‍ വിദേശത്തു നിന്നും വരുമ്പോള്‍ തലവേദന കുറയുന്നില്ലെങ്കില്‍ എം.ആര്‍.ഐ.സ്കാന്‍, ഹോര്‍മോണ്‍ ടെസ്റ്റ് എന്നിവ എടുത്താല്‍ മതി എന്നതായിരുന്നത്.
മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ സുഹൃത്ത് വിദേശത്തു നിന്നെത്തി പതിവ് പോലെ എന്നെ വിളിച്ചു. അസുഖവിവരം ആരാഞ്ഞപ്പോള്‍ ഇപ്പോള്‍ കുഴപ്പമൊന്നും ഇല്ല... എങ്കിലും ബാക്കി ടെസ്റ്റ് കൂടി എടുക്കാന്‍ നാളെ പോകണമെന്നും തയ്യാറായി ഇരിക്കാനും ഒരു ദിവസം അദ്ദേഹത്തിന്‍റെ സൌഖ്യത്തിനായി സമര്‍പ്പിക്കാനും നിര്‍ദ്ദേശം വന്നു. എന്തായാലും അയാളുടെ ആഗ്രഹം പോലെ കാര്യങ്ങള്‍ നടക്കട്ടെ എന്നു ഞാനും കരുതി.
എം .ആര്‍.ഐ. സ്കാന്‍ നമ്മുടെ ഡോക്ടര്‍ ജോലി ചെയ്യുന്ന വിദഗ്ധ ആതുരാലയത്തില്‍ ഇല്ലാത്തതിനാലാണ് നഗരത്തിലെ സ്വകാര്യ സ്കാന്‍ സെന്ററില്‍ രാവിലെ തന്നെ ഞങ്ങള്‍ വന്നത്. മുകളില്‍ കൊണ്ടു പോയി, ലാബ് ടെസ്റ്റുകള്‍ എടുക്കാന്‍ വില വിവരപ്പട്ടിക ചോദിച്ചു മന സ്സിലാക്കി. അന്നേദിവസം നാട്ടില്‍ തുടക്കം കുറിച്ച പുതിയ ലാബിന് ഈ ടെസ്റ്റുകള്‍ കൊടുക്കണ മെന്ന് പെട്ടെന്ന് ഞങ്ങള്‍ക്ക് തോന്നി. സ്കാന്‍ ചെയ്യാന്‍ ഇപ്പോള്‍ ഒഴിവില്ലാത്തതിനാല്‍ വൈകു ന്നേരത്തേക്ക് സമയം കുറിച്ചു വാങ്ങി പുതിയ ലാബിലേക്ക് തിരിച്ചു. അവിടെ ഹൃദ്യമായ സ്വീക രണം. നഗരത്തിലെ ലാബ് കം സ്കാന്‍ സര്‍വീസിനെക്കാള്‍ വളരെ ചെറുതുമാണ്. നേരത്തെ സൂചിപ്പിച്ച ടെസ്റ്റുകള്‍ക്ക് ആദ്യത്തെ സ്ഥലത്തെ അപേക്ഷിച്ച് അഞ്ഞൂറ് രൂപയുടെ കുറവുമുണ്ട്!
പറഞ്ഞ സമയത്ത് എം.ആര്‍.ഐ. എടുക്കാന്‍ എത്തിയപ്പോള്‍ തൃശ്ശൂര്‍ പൂരത്തിലേതു പോലെ ജനക്കൂട്ടം.ബിവറേജസ് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ജനപങ്കാളിത്തം ഉള്ളത് ഇത്തരം സ്ഥാപന ങ്ങളിലാണിപ്പോള്‍. മെല്ലിച്ച, ഇപ്പോള്‍ തളര്‍ന്നു വീഴുമെന്നു തോന്നിക്കുന്ന ഒരു ഗര്‍ഭിണി തന്റെ പൂര്‍ണവളര്‍ച്ച പ്രാപിക്കാറായ കുഞ്ഞുറങ്ങുന്ന വയര്‍ വളരെ ആയാസത്തോടെ താങ്ങിപ്പിടിച്ച് റസിയ എന്ന വിളിക്ക് ഉത്തരം നല്‍കുന്നു.കൌണ്ടറിലെ മാന്‍പേട "കേശവന്‍" എന്ന് നീട്ടി വിളിച്ചപ്പോള്‍ വീല്‍ചെയറിലിരുന്ന വൃദ്ധന്റെ, ബന്ധു ഹാജര്‍ പറയുന്നു. അമ്പതോള വയസ്സ് പ്രായമുള ഒരുവനിത കമ്മലും മാലയും ഒക്കെ ഊരി വച്ച് അക്ഷമയോടെ തന്റെ ഊഴം കാത്തിരി ക്കുന്നു. ക്ഷീണം അധികരിച്ചപ്പോള്‍, മൂന്ന് പേര്‍ക്ക് ഒരുമിച്ചിരിക്കാവുന്ന ഇരിപ്പിടത്തിലേക്ക് അവര്‍ ചാഞ്ഞു കിടന്ന് ഉറക്കം കൊതിച്ചു കൊണ്ടിരുന്നു. മൊത്തത്തില്‍ ഒരു ഉത്സവ അന്തരീക്ഷം.വളരെ പുതുമയുള്ള പേരുകളും വിചിത്രങ്ങളായ ചില പേരുകളും ഒക്കെ അവിടെ നീട്ടി വിളിക്കപ്പെട്ടു. നാടന്‍ പേരുകളായ ജാനകിയും
ആരിഫയും തങ്കമ്മയുമൊക്കെ ഓര്‍മ്മയിലുണ്ട്.പുത്തന്‍ പേരുകളൊന്നും എന്റെ റാമില്‍ തങ്ങി നില്‍ക്കുന്നില്ല.
ഊഴം അനുസരിച്ചു പേര് വിളിക്കുമ്പോള്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അടുക്കിപ്പിടിച്ച നോട്ടുകളുമായി രോഗികളും ബന്ധുക്കളും റെഡി. കോഴി കൂകും മുമ്പേ ഉറക്കമെഴുന്നേറ്റു അഞ്ഞൂറ് രൂപയുടെ മീന്‍ വാങ്ങി അലൂമിനിയം കുട്ടയില്‍ വച്ച് നമ്മുടെ വീടുകളില്‍ എത്തിക്കുന്ന സഹോദരി മാരോട് വില തര്‍ക്കിക്കുന്ന പെണ്ണുങ്ങളെല്ലാം ഇവിടെ ചോദിക്കുന്ന പണം നല്‍കുന്നതില്‍ ആനന്ദ ക്കണ്ണീര്‍ പൊഴിക്കുന്നു.
ഇത്രയും ആധുനിക സംവിധാനങ്ങളുടെ നൂറിലൊന്നു പോലും ഇല്ലാതിരുന്ന കഴിഞ്ഞ പത്തു കൊല്ലം മുമ്പ് വരെയുള്ള ചികിത്സ, ഇന്ന് പണപ്പെട്ടികള്‍ നിറയ്ക്കാനുള്ള വിശുദ്ധ മാര്‍ഗമായി മാറിയിരിക്കുന്നു.എല്ലാവര്‍ക്കും രോഗം... തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ മുതല്‍ മുപ്പതുകാരന്‍ വരെ അസുഖക്കാരായ പുതിയ കേരളം... ഞങ്ങളുടെ കയ്യില്‍ പണമുണ്ട്.നല്ല ചികിത്സ തേടുന്ന തില്‍ നിങ്ങള്‍ക്കെന്താ കണ്ണ് കടി എന്ന് ചോദിക്കുന്ന പുത്തന്‍ തലമുറ. ദൈവഭയമുള്ള, മൂല്യബോ ധ മുള്ള ഡോക്ടര്‍മാര്‍ പറയുന്നതു പോലും കേള്‍ക്കാതെ ടെസ്റ്റുകള്‍ക്ക് ഓടി നടക്കുന്ന സ്വയം കല്പിത രോഗികള്‍.
കയ്യോ കാലോ ഒന്നു മുറിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പച്ച എന്ന കുറ്റിച്ചെടിയുടെ ഇല പറിച്ച് കൈകൊണ്ടു ചതച്ച് അതിന്റെ നീരൊഴിച്ചു വലിയ മുറിവുകള്‍ പോലും ഉണക്കിയിരുന്ന നമ്മുടെ കുട്ടിക്കാലം ഇപ്പോഴത്തെ കുഞ്ഞുങ്ങളോട് പറഞ്ഞാല്‍ നാം പുളു അടിക്കുക ആണെന്ന് പറയും. നൂറ്റിപ്പത്ത് ഡിഗ്രി പനി വന്നാലും തുളസിയിലയും മറ്റും ചേര്‍ത്ത് ആവി പിടിച്ചു ആ പനിയെ വേരോടെ പിഴുതെറിയുന്ന പഴയ കാലവും ആരോടും മിണ്ടാന്‍ പറ്റില്ല. കുഞ്ഞുങ്ങള്‍ക്ക് ഒരു ചുമ വന്നാല്‍,ചെറിയ മൂക്കൊലിപ്പ് വന്നാല്‍ ഡോക്ടറുടെ അടുക്കല്‍ കൊണ്ടു പോയി വിവിധ ടെസ്റ്റുകള്‍ നടത്തി പണം എണ്ണി കൊടുക്കുന്ന ദുര്‍ബലരായ മാതാപിതാക്കള്‍ സമൂഹത്തിന് ശാപം തന്നെ.
എന്തു വന്നാലും അവയെ നേരിടാന്‍ കൂട്ടു കുടുംബത്തിന്റെ തലോടലില്‍ ധൈര്യം കാട്ടിയിയി രുന്ന പത്തു കൊല്ലം മുമ്പെങ്കിലും ഉള്ള തലമുറയുടെ ഏഴയലത്തു വരാന്‍ ഫെമിനിസമൊക്കെ പറയുന്ന, ആരോടും തട്ടിക്കയറുന്ന ഇന്നത്തെ ചില പെണ്ണുങ്ങള്‍ക്ക് കഴിയുമോ? എട്ടും പത്തും പ്രസവിച്ച്, എല്ലാത്തിനെയും പോറ്റി വളര്‍ത്തി കരപിടിപ്പിച്ച അമ്മമാര്‍ ഒന്നാന്തരം മാതൃകകള്‍ തന്നെ അല്ലേ?
അകാലത്തില്‍ ചങ്കുവേദന വന്ന് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പരലോകം പൂകുന്ന ഇന്നത്തെ അച്ഛന്മാരും ഏതു രീതിയിലും പണം ഉണ്ടാക്കുന്ന സഹോദരങ്ങളും പഴമയുടെ നന്മ ഓര്‍ക്കാന്‍ അല്പ സമയം മിനക്കെടുത്തുക.എന്നിട്ടാകാം വ്യക്തിത്വ വികസന ക്ലാസ്സുകള്‍. ആര്‍ത്തി മൂത്ത് ഭ്രാന്തു പിടിച്ചുണ്ടാക്കിയെടുക്കുന്ന പണം മുഴുവന്‍ പിടിച്ചു വാങ്ങാന്‍ യന്ത്രങ്ങളുടെ വിപുല ശേഖരവുമായി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും അവരുടെ ഉപസംവിധാനങ്ങളായ ലാബുകള്‍,സ്കാന്‍ സെന്ററുകള്‍ ഒക്കെ റെഡി ആണ്.
അനുഭവിച്ചോ മനുഷ്യാ...
നിന്റെ ആര്‍ത്തിയും കൈക്കൂലിയും ക്വട്ടേഷന്‍ രീതികളും ഇനി മാറാന്‍ പോകുന്നില്ല.ഏതു വിധേനയും നീ പോക്കറ്റ് നിറയ്ക്കുമ്പോള്‍ അതിനെക്കാള്‍ വേഗത്തില്‍ വിദഗ്ധമായി അത് പിടിച്ചു വാങ്ങാനിതാ പുതിയ അവതാരങ്ങള്‍ വാ പിളര്‍ന്നിരിക്കുന്നു...
വാല്‍ക്കഷ്ണം :
സുഹൃത്തിന് വിവിധ റിസള്‍ട്ടുകള്‍ക്ക് ആയത് മുപ്പതിനായിരം രൂപ!
തൊട്ടടുത്ത അനാഥാലയത്തില്‍ ഉച്ചക്ക് ഒരു നേരം ഭക്ഷണം വിഭവ സമൃദ്ധമായി സ്പോണ്‍സര്‍ ചെയ്യാന്‍ വെറും പന്ത്രണ്ടായിരം രൂപ...!
ഞാനെന്തു ചെയ്യും... ചങ്ങാതി കേള്‍ക്കേണ്ടേ ... ഡോക്ടര്‍ പറയുന്നതെങ്കിലും....
ഈ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ എത്ര വലിയ ബില്ലു നൽകിയാലും കൊള്ളയാണെന്നറിഞ്ഞുകൊണ്ടുതന്നെ ഒരു പരാതിയുമില്ലാതെ രോഗി അത് പേ ചെയ്യും. ഒരു തൊഴിലാളി ന്യായമായ കൂലി ചോദിച്ചാൽ അതിൽ അഞ്ചുരൂപയെങ്കിലും കുറച്ചുനൽകാനുള്ള വിലപേശലയി. ഒരു ആട്ടോക്കാരൻ ചാർജ് ഇരുപതു പറഞ്ഞാൽ പതിനഞ്ച് നൽകി അവനോട് തർക്കിക്കും. ഇതൊക്കെയാണ് ജനം.
ReplyDelete