Home » » തീരദേശ എക്സ്പ്രസ്സ് ഹൈവേ ( ഭാഗം 1)

തീരദേശ എക്സ്പ്രസ്സ് ഹൈവേ ( ഭാഗം 1)


ഒരുപാട് കിനാവുകള്‍ കാണുന്ന ഒരു പ്രവാസി 


ആര് വിചാരിച്ചാലും നന്നാകില്ലെന്നു വാശിപിടിക്കുന്ന കേരളത്തിന്റെ  ഗതാഗത മേഖല... അവിടെ വിപ്ലവകരമായ ഒരു പരിഷ്കാരം നടപ്പിലാക്കാന്‍ പല വാതിലുകളിലും മുട്ടി വിളിക്കുന്ന മറുനാടന്‍ മലയാളിയാണ് കെ.രവിനാഥന്‍പിള്ള.

                    
                        ഫോട്ടോ:  കെ.രവിനാഥന്‍പിള്ള (കൈരളി നെറ്റ് മാഗസിൻ)

ഇദ്ദേഹം പറയുന്നത് എന്താണെന്ന് കാതോര്‍ക്കാന്‍ തല്ക്കാലം അധികാരികള്‍ക്കൊന്നും മനസ്സില്ല. കോടാനുകോടികളുടെ വമ്പന്‍ പദ്ധതികള്‍ എങ്ങനെ നടപ്പാക്കി വിജയിപ്പിക്കണം എന്നറിയാത്ത വികസന സംസ്കാരമാണ് ഇവിടെ നില നില്കുന്നതെന്ന്  ഈ പ്രവാസി പറയുമ്പോള്‍ നേരറി വിന്റെ സത്യം അതിലുണ്ട്.

        ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍  നിരത്തില്‍ ഇറങ്ങുമ്പോള്‍  റോഡുകള്‍ ഒരിഞ്ചു പോലും വളരുന്നില്ല. വീതി കൂടിയ ഹൈടെക് റോഡുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമിയും കേരളത്തില്‍ ഇല്ല. ജനങ്ങളുടെ ആവാസവ്യവസ്ഥയെ കുത്തിയിളക്കി അവരെ തെരുവാധാരമാ ക്കാന്‍ ഭരണകൂടം ബലപ്രയോഗം തന്നെ നടത്തുന്നു. ടോള്‍ബൂത്തുകള്‍ കെട്ടി പൊതുനിരത്തില്‍ തടസ്സം സൃഷ്ടിച്ചു വഴിയാത്രക്കാരെ ഔദ്യോഗികമായി പിടിച്ചു പറിക്കുന്നു.

                    
                            ഫോട്ടോ: കേരളത്തിലെ ടോൾ ബൂത്ത് (കടപ്പാട്)  ഗൂഗിൾ


സമരങ്ങളും കോലാഹലങ്ങളുമായി അന്തരീക്ഷം പ്രക്ഷുബ്ധമാകവേ കണ്‍മുന്നിലുള്ള കനകം കാണാതെ കാക്കപ്പൊന്നിന്റെ പിന്നാലെ പോകാന്‍ ഭരണകൂടം പെടാപ്പാട് പെടുന്നു.ഈ സാഹചര്യ ത്തിലാണ് രവിനാഥന്‍പിള്ള പറയുന്നതിലെ യുക്തിയും സാധ്യതകളും ചര്‍ച്ച ചെയ്യാന്‍  നാം തയ്യാറാ കേണ്ടത്. ഒരുപക്ഷേ നിര്‍ബന്ധിതരാകേണ്ടത്.
         
   ഒമ്പത് ജില്ലകള്‍ അതിരിടുന്ന കേരളത്തിന്റെ 585 കിലോമീറ്റര്‍ കടലോരം ഭാവനാശൂന്യമായി അവശേഷിപ്പിക്കുന്ന, സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കാത്ത കാഴ്ച മങ്ങിയ നയം നാം തിരുത്താന്‍ തയ്യാറാകണം എന്ന് രവിനാഥന്‍പിള്ള അടിവരയിട്ടു പറയുന്നു. ഭൂമിശാസ്ത്രപരമായി വലുപ്പം കൂടിയ രാജ്യങ്ങളും സംസ്ഥാനങ്ങളും താരതമ്യം ചെയ്ത് കേരളത്തില്‍ സ്ഥലമില്ല എന്ന മുട്ട് ന്യായം പറഞ്ഞ്‌ കയ്യൊഴിഞ്ഞ്  നാടിന്റെ വികസനത്തിന്റെ   കൂമ്പൊടിക്കരുതെന്ന് ഇദ്ദേഹം നമ്മെ ഓര്‍മപ്പെടുത്തുന്നു.

      കേരളത്തേക്കാള്‍ എത്രയോ ചെറിയ രാജ്യങ്ങള്‍ പോലും ഗതാഗതത്തിലും അടിസ്ഥാന   വികസന  വിഷയങ്ങളിലും വളരെ മുന്നിലാണെന്ന യാഥാര്‍ത്ഥ്യം ഇനിയും തിരിച്ചറിയാത്തത് പരമ്പരാഗത വികസനവാദികളുടെ തലതിരിഞ്ഞ കയ്യിട്ടുവാരലില്‍ നാം അമര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവാണത്രെ


ഫോട്ടോ: സിംഗപ്പൂർ വികസനം (കടപ്പാട്)  ഗൂഗിൾ

കേവലം 710 ചതുരശ്ര കിലോ മീറ്റര്‍  മാത്രം വിസ്തീര്‍ണം ഉള്ള സിംഗപ്പൂര്‍ വികസന ചക്രവാളത്തില്‍ സുവര്‍ണമുദ്രകള്‍ ചാര്‍ത്തിയപ്പോള്‍ കുണ്ടും കുഴിയുമായി തപ്പിത്തടയുന്ന   കേരളം 38,863 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തേക്ക് പരന്നു കിടക്കുന്നു എന്ന സത്യം ആരും തിരിച്ചറിയാത്തതില്‍ ഇദ്ദേഹം അത്ഭുതപ്പെടുന്നു.

         
ഫോട്ടോ: ബെനിനിലെ ജന ങ്ങൾ (കടപ്പാട്)  ഗൂഗിൾ

     ആഫ്രിക്കന്‍ രാജ്യമായ ബെനിന്‍ ഒരു കാലത്ത് വൈദ്യുതി മോഷണത്തിന് കുപ്രസിദ്ധം   ആയിരുന്നു. രവിനാഥന്‍പിള്ളയുടെ ഭാവനയില്‍ ഉരുത്തിരിഞ്ഞ റഡാര്‍ നിയന്ത്രിത മീറ്ററുകള്‍ സ്ഥാപിച്ച് അവിടെ വൈദ്യുതി  മോഷണം പഴങ്കഥ ആക്കിയെങ്കില്‍ കേരളത്തിലെ ഏക മീറ്റര്‍ കമ്പനിയെ അടച്ചു പൂട്ടാന്‍ ശ്രമിക്കുന്നവരെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് ഇദ്ദേഹത്തിന് അറിയില്ല.

        കേരളത്തില്‍ പണമില്ലെന്നും പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുന്നു എന്നും വിലപിക്കുമ്പോള്‍, റെക്കോർഡ് വേഗതയില്‍ വന്‍കിടപാലങ്ങളും വിവിധ പ്രോജക്ടുകളും പൂര്‍ത്തീകരിക്കാന്‍ സാക്ഷി യായ ഈ പ്രവാസി അത്ഭുതം കൂറുന്നു. വാണിജ്യപരസ്യങ്ങളുടെ സാധ്യത മാത്രം ചൂഷണം ചെയ്ത് കേവലം രണ്ടുവര്‍ഷക്കാലം കൊണ്ട്  കേരളത്തിനൊരു തീരദേശ എക്സ്പ്രസ് ഹൈവേ സംഭാവന ചെയ്യാന്‍ രവിനാഥന്‍പിള്ള തയ്യാറാണ്.

                               
                             
                                  ഫോട്ടോ : സിംഗപ്പൂരിലെ ഒരു തീരദേശപാത  (കടപ്പാട്)  ഗൂഗിൾ

പക്ഷേ അതെങ്ങനെ എന്ന് നെറ്റി ചുളിക്കും മുമ്പ് ഇദ്ദേഹം പറയുന്നത്   കേള്‍ക്കാന്‍ നാം ചെവി കൊടുക്കുക എന്ന ഉപാധി മാത്രമേ പിള്ള ആവശ്യപ്പെടുന്നുള്ളൂ. പതിനായിരക്കണക്കിനു വരുന്ന മത്സ്യത്തൊഴിലാളികളെ ഏറ്റവും മെച്ചപ്പെട്ട ജിവിത സാഹചര്യങ്ങളിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന ഒന്നാണ് രവിനാഥന്‍പിള്ളയുടെ തീരദേശ എക്സ്പ്രസ് ഹൈവേ.                                  
                                                                                                                            (തുടരും)
ഫോട്ടോ : (കടപ്പാട്)  ഗൂഗിൾ


6 comments:

 1. വെള്ളാനകളുടെ നാട്ടില്‍ രവിനാഥന്‍ പിള്ള തോറ്റുപോകയേ ഉള്ളു എന്നാണ് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

  നോക്കാം

  ReplyDelete
  Replies
  1. ഇല്ല അജിത്‌ മാഷേ
   രവിനാഥന്‍ പിള്ളക്കൊരു ചാന്‍സു കൊടുത്തു നോക്ക് !
   അദ്ദേഹം ജയിക്കും എന്ന് എന്റെ മനസ്സ് പറയുന്നു,

   Delete
 2. ഇല്ല അജിത്‌ മാഷേ
  രവിനാഥന്‍ പിള്ളക്കൊരു ചാന്‍സു കൊടുത്തു നോക്ക് !
  അദ്ദേഹം ജയിക്കും എന്ന് എന്റെ മനസ്സ് പറയുന്നു, ഒപ്പം
  ഇക്കൂട്ടരെ വരച്ച വരയില്‍ തനിക്കു നിര്‍ത്താനും കഴിയും
  എന്നാണെന്റെ വിശ്വാസം.
  അദേഹത്തെ പരിചയപ്പെടുത്തിയതില്‍ നന്ദി
  ചിത്രങ്ങള്‍ക്ക് കടപ്പാട് ലേഖനത്തിന് താഴ്യോ
  ചിത്രങ്ങള്‍ക്ക് താഴെയോ കൊടുക്കണം
  വീണ്ടും കാണാം

  ReplyDelete
  Replies
  1. പ്രതീക്ഷയും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ സന്ധിക്കുന്നത് നല്ലതാണ്
   പക്ഷെ അതോടൊപ്പം സ്റ്റാറ്റിറ്റിക്സ് കൂടി കടന്നുവരുമ്പോള്‍ ചിത്രം മാറും

   കേരളത്തിന്റെ കാര്യം അങ്ങനെയാണ്
   കേരളത്തെ വളര്‍ത്തണമെന്ന് വിചാരിച്ച് ആരും ഇതുവരെ ഒന്നും ചെയ്തിട്ടില്ല
   എന്നാല്‍ കേരളം വളര്‍ന്നിട്ടില്ലേ? തീര്‍ച്ചയായും ഉണ്ട്
   പക്ഷെ അത് സ്വാഭാവികമായ പരിണാമം മാത്രമല്ലേ?
   ആരും വെള്ളമൊഴിച്ചും വളമിട്ടും വളര്‍ത്തിയതല്ല
   ഒരു വിത്ത് വീണ് മുളപൊട്ടി പ്രകൃതിയില്‍ നിന്ന് വള്ളവും വളവുമെടുത്ത് വളരുന്നപോലെ വളര്‍ന്നതാണ് നമ്മുടെ നാട്
   എന്നിരുന്നാലും നമുക്ക് നമ്മുടെ ഭരണാധികാരികളെ പ്രശംസിക്കേണ്ടുന്നതുണ്ട്
   കാരണം നമ്മോടൊപ്പം സ്വതന്ത്രമായ പല ദേശങ്ങളും ഇന്ന് അധോഗതിയിലേയ്ക്ക് പോകുമ്പോള്‍ നമ്മുടെ ഭരണാധികാരികള്‍ അതിന് ഫലപ്രദമായ തടയായിരുന്നു.

   ഇതൊക്കെയാണെങ്കിലും രവിനാഥന്‍ പിള്ളമാര്‍ ജയിക്കേണമെന്ന് തന്നെ ഞാനും ആഗ്രഹിക്കുന്നു

   Delete
 3. പ്രിയ അജിത് സർ
  രവിനാഥൻപിള്ള അല്ല പരാജയപ്പെടുന്നത്...
  മറിച്ച് ഞാനും താങ്കളും ഓരോ കേരളീയനുമാണ് ...

  ReplyDelete
 4. പ്രിയ ഏരിയൽ മാഷെ
  താങ്കളുടെ നിർദ്ദേശം മാനിക്കുന്നു.
  ഫോട്ടോയുടെ കടപ്പാട് അതോടൊപ്പം ചേർക്കുന്നു.
  രവിനാഥൻപിള്ളയുടെ വിജയത്തിനായി നമുക്കു കാത്തിരിക്കാം.

  ReplyDelete

comments pls