Home » , » നോട്ടുകെട്ടുകള്‍ വിശപ്പ്‌ മാറ്റില്ല (എഡിറ്റോറിയൽ, ലക്കം-9 )

നോട്ടുകെട്ടുകള്‍ വിശപ്പ്‌ മാറ്റില്ല (എഡിറ്റോറിയൽ, ലക്കം-9 )


നോട്ടുകെട്ടുകള്‍ വിശപ്പ്‌ മാറ്റില്ല... 


      അതിദ്രുതം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തില്‍ കൃഷിഭൂമി തുടച്ചു മാറ്റപ്പെടുകയാണ്. നെല്ലോല കള്‍ തലയാട്ടി, പൊന്‍കതിരുകള്‍ മാടിവിളിച്ചിരുന്ന പാടങ്ങളൊക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. നഗര പ്രദേശങ്ങളില്‍ കൃഷി യോഗ്യമായ ഒരു തുണ്ട് ഭൂമി ഇനിയൊരിക്കലും ഉണ്ടാകില്ല.കൃഷി കേട്ടറിവ് മാത്രമാകുമോ? 
       

       വിഷം കലര്‍ന്ന പച്ചക്കറിയും പാലും, ഹോര്‍മോണ്‍  കുത്തിവച്ച കോഴിയും രോഗബാധിതമായ അറവുമാടുകളുമൊക്കെ മലയാളിയുടെ നിത്യജിവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളായി എന്നേ മാറിയിരിക്കുന്നു.

   നാക്കിലയില്‍ തൊടുകറി വിളമ്പി,തുമ്പപ്പൂ ചോറ് കൂട്ടി സദ്യ ഉണ്ടിരുന്ന മുന്‍തലമുറയിലെ ശീലങ്ങള്‍ പുത്തന്‍കൂട്ടുകാര്‍ക്ക് വിശ്വസിക്കാനാകാത്ത യക്ഷിക്കഥ പോലെ തോന്നുന്നെങ്കില്‍ നാം എത്ര ത്തോളം പ്രകൃതിയില്‍ നിന്നും അകന്നിരിക്കുന്നു എന്ന് വിലയിരുത്തുക.
      
   പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ കാര്‍ഷിക വികസനത്തിനായി ഗവണ്‍മെന്റ് ചെലവഴിക്കുമ്പോള്‍ അത് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എന്ന് ആരും പരിശോധി ക്കുന്നില്ല. കൃഷിഭവന്‍ വഴി വിതരണം ചെയ്യുന്ന നടീല്‍ വസ്തുക്കള്‍, വളം തുടങ്ങിയവ മിക്കപ്പോഴും കൃഷിയുമായി ബന്ധമില്ലാത്ത കടലാസ് സംഘടനകളും വ്യക്തികളും പങ്കിട്ടെടുക്കുന്നു.ഫീൽഡ് വര്‍ക്ക് ചെയ്യുന്ന എത്ര കൃഷി ഉദ്യോഗസ്ഥർ ഉണ്ടെന്ന്‌ പരിശോധിക്കാന്‍ സര്‍ക്കാര്‍  തയ്യാറാകുക. ആത്മാര്‍ഥമായി തങ്ങളുടെ കടമ നിര്‍വഹിക്കുന്നവരും കാര്‍ഷിക പുരോഗതിക്കു വേണ്ടി യത്നിക്കു കയും ചെയ്യുന്ന ഒരു വിഭാഗം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിഭവനുകളും നിലവിലുണ്ടെന്നത് വസ്തുതയുമാണ്. അവരെ മറന്നു കൊണ്ടല്ല ഇക്കാര്യങ്ങള്‍ പറയുന്നത്. തീര്‍ച്ചയായും അത്തരം ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പാരിതോഷികങ്ങള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ ക്രിയാത്മകമായി അവരെ ക്കൊണ്ട് പ്രവര്‍ത്തിപ്പിക്കണം. 
    
    ഏതെങ്കിലും കോണില്‍ ഒരു തുണ്ട് വയല്‍ അവശേഷിക്കുന്നെങ്കില്‍ അത് ബിനാമി പേരില്‍ വാങ്ങി മണ്ണിട്ട്‌ നികത്തി ഹോട്ടലുകളും കോളജുകളും  സ്ഥാപിച്ച് ആധുനിക സമൂഹം പ്രകൃതിയെയും വരാനിരിക്കുന്ന തലമുറയെയും ഹനിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.നെല്‍വയലുകള്‍ നികത്തരുതെന്ന ചട്ടം നിലനില്‍ക്കവേ തന്നെ ഭരണകൂടങ്ങള്‍ മാറിവരുമ്പോള്‍ സ്വാധീനം ഉപയോഗിച്ച് യാതൊരു കൂസലുമില്ലാതെ ചിലര്‍   ടിപ്പര്‍ വാഹനങ്ങളുടെ കൂട്ടപ്പാച്ചില്‍ സൃഷ്ടിക്കുന്നു. 
      
   കാര്‍ഷികമേഖലയില്‍ താല്‍പര്യവും ഭാവിയെക്കുറിച്ച് ബോധ്യവുമുള്ള  ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഗവണ്‍മെന്റുകള്‍ ദിശാബോധത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണം. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങല്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി കൃഷിയോഗ്യമാക്കി   നല്‍കി അതിന്റെ ഗുണഫലം കൊയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ എന്തിനാണ് മടിച്ചു നില്‍ക്കുന്നത്.
      അവസാനത്തെ പുഴയും വറ്റിച്ച്,ഒടുവിലത്തെ വയലും കോണ്‍ക്രീറ്റ് കൂടാരങ്ങളാല്‍     അലങ്കരിച്ച്‌ അനന്തര തലമുറകള്‍ക്ക് വേണ്ടി സമ്പാദിക്കുമ്പോള്‍ അവര്‍ ഭാവിയില്‍ എന്തായിരിക്കും കഴിക്കുക എന്ന് ആരും ചിന്തിക്കുന്നില്ല. 
    
    ഒരു തുണ്ട് ഭൂമിയില്‍ ഒരു കൊച്ചു തൈ നട്ട് അല്ലെങ്കില്‍ ഒരു വിത്തിട്ട്‌ വളര്‍ത്തിയെടുത്ത് ഈ പ്രപഞ്ചത്തിലെ ഏറ്റവും നന്മ കലര്‍ന്ന ഭക്ഷണം കഴിക്കാന്‍ ഓരോ മനുഷ്യനെയും പര്യാപ്തമാക്കുന്ന  സംസ്കാരത്തിലേക്ക് നാം വേഗം തിരിയുക.എന്‍ഡോസള്‍ഫാന്റെ ചീഞ്ഞ മണം തങ്ങി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ നവസുഗന്ധം വിതറുന്ന,  ഒപ്പം  വിശപ്പ്‌ മാറ്റുന്ന നാമ്പുകള്‍ തല ഉയര്‍ത്തട്ടെ.
           
        പാഠപുസ്തകങ്ങളിലും പ്രോജക്റ്റ് വര്‍ക്കുകളിലും കൃഷിയെ സ്നേഹിക്കാന്‍ ഉതകുന്ന നിര്‍ബന്ധിത മണിക്കൂറുകള്‍ നീക്കി വയ്ക്കാന്‍ തയ്യാറാകുക.എന്റെ കുട്ടിയെ ഭാവിയിലൊരു കര്‍ഷകനാക്കും എന്നു പറയാനുള്ള ആര്‍ജ്ജവത്തിലേക്ക്   രക്ഷാകര്‍ത്താക്കളെ നയിക്കുക.

  നോട്ടുകെട്ടുകള്‍ അടുക്കിവച്ച്  കാര്‍ഷിക പാരമ്പര്യത്തെ തള്ളിപ്പറയുന്നവര്‍ ഓര്‍ക്കുക; 
ഈ നോട്ടുകെട്ടുകള്‍ വിശപ്പ്‌ മാറ്റില്ല...  

6 comments:

 1. തികച്ചും കാലോചിതമായ ഒരു ചിന്ത.

  പറമ്പും പാടവും അന്യമായിക്കൊണ്ടിരിക്കുന്ന

  ഒരു കാലം, തീവ്ര മായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍

  എല്ലാം കൈവിട്ടു പോകും അധികാരികളും ബന്ധപ്പെട്ടവരും

  എത്രയും വേഗം ഒരു പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.

  ഈ സമസ്യ ഇവിടെ പങ്കു വെച്ചതില്‍ അഭിനന്ദനം

  ഇത്തരം ചിന്തകളോടെ സാമ്യമുള്ള ഒരു ചെറുകുറിപ്പ്

  ഈ അടുത്ത സമയം ഞാന്‍ എഴുതിയത് ഇവിടെ വായിക്കുക

  ഒരു മറുനാടന്‍ മലയാളിയുടെ വിലാപം

  സസ്നേഹം
  ഫിലിപ്പ് ഏരിയല്‍

  ReplyDelete
 2. @P V Ariel sir

  "പറമ്പും പാടവും അന്യമായിക്കൊണ്ടിരിക്കുന്ന
  ഒരു കാലം, തീവ്ര മായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍
  എല്ലാം കൈവിട്ടു പോകും അധികാരികളും ബന്ധപ്പെട്ടവരും
  എത്രയും വേഗം ഒരു പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു."

  ഈ ആശങ്ക എല്ലാവരിലേക്കും പങ്കു വയ്ക്കപ്പെടട്ടെ

  ReplyDelete
 3. പ്രകൃതിയിലേക്ക് മടങ്ങിയില്ലങ്ങില്‍ നമ്മുടെ മരണങ്ങള്‍ സുഖമുള്ളതാകില്ല

  നല്ല എഴുത്ത്
  ആശംസകള്‍

  ReplyDelete
 4. നോട്ടുകെട്ടുകളില്‍ സുരക്ഷിതത്വം കാണുന്ന മടയന്മാര്‍, മടിയന്മാര്‍

  ReplyDelete
 5. 100%
  യോജിക്കുന്നു

  ReplyDelete

comments pls