Home » , » ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അറിയാത്ത ഒരാൾ പോലും ഉണ്ടാകരുത്...

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അറിയാത്ത ഒരാൾ പോലും ഉണ്ടാകരുത്...


എഡിറ്റോറിയല്‍

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അറിയാത്ത ഒരാൾ  പോലും ഉണ്ടാകരുത്...

       സ്വതന്ത്ര ഭാരതത്തിന്റെ ഓരോ വയസ്സും നമ്മുടെ അഭിമാന ബോധത്തിന്റെ വര്‍ദ്ധിത വീര്യമാണ്. പല നിറങ്ങളിലുള്ള നൂലുകള്‍ ഊടും പാവുമായ ജീവിതക്രമം പുലരുന്ന ലോകത്തിലെ അപൂര്‍വം നാടുകളില്‍ ഒന്ന്. അതിന്റെ ചരിത്രവീഥികളിൽ വിട്ടുവീഴ്ചയുടെ പാഠഭേദങ്ങളുണ്ട്. ഒരേ സമയം മാറിമറിയുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും സാംസ്കാരിക വൈജാത്യങ്ങളും നമ്മെ ലോകസമക്ഷത്തില്‍ ശ്രദ്ധേയരാക്കുന്നു. 

                   
              
മഹാമനീഷികള്‍ പിറന്നു വീണ് ലോകത്തിന് പുതിയ വഴിത്താര സൃഷ്ടിച്ചിട്ടുള്ള ഇന്ത്യയുടെ ഇന്നലെകള്‍ പോരാട്ടങ്ങളുടേതായിരുന്നു.വൈദേശികനുകം പറിച്ചെറിയാന്‍ നാം അനുഭവിച്ച ത്യാഗങ്ങള്‍ ഇന്നിന്റെ അസുഖകരമായ അന്തരീക്ഷത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത് ആശാവഹമല്ല. സ്വന്തം പ്രാണനുകള്‍ രാജ്യത്തിന്‌ വേണ്ടി എറിഞ്ഞു കൊടുത്തിട്ടാണ് സ്വാതന്ത്ര്യമാകുന്ന നീല വിഹായസ് നമുക്കായി മുന്‍ഗാമികള്‍ നേടിയെടുത്തത്.
            എല്ലാവര്‍ക്കും തുല്യതയും പ്രവര്‍ത്തന സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന ഭാരതത്തിന്റെ ഭരണഘടനയുടെ അന്ത:സത്ത ഏതെങ്കിലും കാലങ്ങളില്‍ മറന്നുപോകുന്ന ഭരണാധികാരികള്‍ ആണ് പലപ്പോഴും അശാന്തസമൂഹങ്ങള്‍ക്ക് അടിത്തറ പാകുന്നത്.അവസരസമത്വം തളികയിലെടുത്ത് പണം,കുലം,പ്രാമാണ്യം തുടങ്ങിയ അതിര്‍വരമ്പുകൾക്ക് സമര്‍പ്പിക്കുമ്പോള്‍ രാജ്യം അതുവരെ കൈവരിച്ച  പുരോഗതി അട്ടിമറിക്കപ്പെടുന്നു.സ്വാതന്ത്ര്യ സമരത്തിന്റെ ദീപ്തമായ സ്മരണകള്‍ പുതുതലമുറ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. രാഷ്ട്രപിതാവ് ഉൾപ്പെടെയുള്ളവർ ക്രൂരവും അടിസ്ഥാന രഹിതവുമായ ചോദ്യം ചെയ്യലുകള്‍ക്ക്   വിധേയമാകുന്നു. അദ്ദേഹത്തെ നിഷ്റൂരമായി വധിച്ച ഗോഡ്സെ പോലും ചിന്തിക്കാത്ത തരത്തില്‍ ഗാന്ധിനിന്ദ പലയിടത്തു നിന്നും ഉയരുന്നുണ്ട്. ആയുധമെടുക്കാതുള്ള ഒരു പതിയ സമരമുറ ലോകത്തിന് പ്രദാനം ചെയ്ത ആ പുണ്യവാന്റെ  കാലടിപ്പാടുകളിലെ   ചൊരിമണലാകാന്‍ നമുക്കാര്‍ക്കും സമയമില്ല! അതിര്‍ത്തിയില്‍ നിന്നുയരുന്ന അനാവശ്യ വെടിയൊച്ചകള്‍ നമ്മുടെ ധീരജവാന്മാരുടെ ജീവനും വിലയേറിയ സമയവും കവരുന്നു. 
        ഈ ദശാസന്ധിയില്‍ കൂടുതല്‍ ഫലവത്തായ നിലയില്‍  മുന്‍ഗാമികളുടെ ധീരചരിത്രം പുതു തലമുറ പഠിക്കണം. ഇന്ത്യയുടെ  സ്വാതന്ത്ര്യ  സമരത്തെയും ദേശീയ നേതാക്കളെയും അറിയാത്ത ഒരാള്‍ പോലും ഉണ്ടാകരുത് എന്ന നിലയില്‍ സര്‍ക്കാര്‍ വിവിധ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാകുക... 
                         
                                             സ്വാതന്ത്ര്യദിനം-ഓണം‌-പെരുന്നാള്‍ ആശംസകളോടെ....
                                                                                 

4 comments:

 1. സ്വാതന്ത്ര്യം തന്നെയമൃതം........നമുക്ക് ഇഷ്ടം പോലെ സ്വാതന്ത്ര്യമുള്ളതിനാല്‍ അതിന്റെ വില നാം അറിയുന്നില്ല. സൌജന്യമായി ഓക്സിജന്‍ ലഭിക്കുന്നതിനാല്‍ അതിന്റെ വില അറിയാത്തതുപോലെ. എന്നാല്‍ ഒരാശുപത്രിയില്‍ കിടന്ന് സിലിണ്ടറില്‍ നിന്ന് ഓക്സിജന്‍ ശ്വസിച്ച് അതിന്റെ ബില്ല് കാണുമ്പോള്‍ വില അറിയും. സ്വാതന്ത്ര്യവും അങ്ങനെത്തന്നെ.

  മേരാ ഭാരത് മഹാന്‍

  ReplyDelete
 2. കണ്ണിരിക്കുമ്പോൾ കാഴ്ച അറിയില്ല എന്നും പറയാം...

  ReplyDelete
 3. രണ്ടുദിവസം വൈകിയാണ് വായിച്ചതെങ്കിലും നല്ല ഒരു വായന സമ്മാനിച്ചു......

  ReplyDelete
 4. പ്രിയ ajith & Hashiq വളരെ നന്ദി

  ReplyDelete

comments pls